ഇന്ത്യ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്കുമെന്ന് വ്യക്തമാക്കി പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വ. ഇന്റര്‍ സര്‍വ്വീസ് പബ്ലിക് റിലേഷന്‍സാണ് ബജ്‌വയുടെ പ്രസ്താവന പുറത്തുവിട്ടത്. റാവല്‍പിണ്ടിയില്‍ സൈനികരുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ആയിരുന്നു നിയന്ത്രണരേഖയിലെ പ്രശ്നങ്ങളെക്കുറിച്ച് സൈനികമേധാവിയുടെ പ്രതികരണം.
ഇന്ത്യ - പാകിസ്ഥാന്‍ അതിര്‍ത്തിയിലെ സുരക്ഷ സംവിധാനങ്ങള്‍ സൈനികമേധാവി വിലയിരുത്തി. പ്രകോപനപരമായ നടപടികളുമായി ഇന്ത്യ മുന്നോട്ട് പോകുന്നത് കശ്‌മീരില്‍ നടത്തുന്ന ആക്രമണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ്. കശ്‌മീര്‍ പ്രശ്നം ഐക്യരാഷ്‌ട്രസഭയുടെ പ്രമേയത്തിന്റെ കൂടി സഹായത്തോടെ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്‍ നടത്തിയ ഉറി ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനിൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൈനികമേധാവിയുടെ നിലപാട് വ്യക്തമാക്കല്‍.