കര്‍ഷകര്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നു; കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും വിശദീകരണം തേടി സുപ്രീംകോടതി

വെള്ളി, 27 ജനുവരി 2017 (16:13 IST)
രാജ്യത്തെ കര്‍ഷകര്‍ എന്തുകൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകള്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കേന്ദ്രഭരണപ്രദേശങ്ങള്‍ ഒക്കെ ഇക്കാര്യം പഠിക്കണമെന്നും കാരണങ്ങള്‍ കണ്ടെത്തണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
 
ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹാര്‍, ജസ്റ്റിസ് എന്‍ വി രമണ എന്നിവരടങ്ങുന്ന ബെഞ്ച് ആണ് ഇക്കാര്യം നിര്‍ദ്ദേശിച്ചത്. നാല് ആഴ്ചക്കുള്ളില്‍ മറുപടി നല്കണമെന്നും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. രാജ്യത്തെ പൊതുജനങ്ങളില്‍ ഭൂരിഭാഗവും കര്‍ഷകരാണ്. അതുകൊണ്ടു തന്നെ, ഇത് സമൂഹത്തെ ബാധിക്കുന്ന പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
 
കര്‍ഷകരുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു എന്‍ ജി ഒ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവേ ആയിരുന്നു സുപ്രീംകോടതിയുടെ ഈ പരാമര്‍ശം.

വെബ്ദുനിയ വായിക്കുക