'വ്യാപം' കുംഭകോണം; മധ്യപ്രദേശ് ഗവർണര്‍ റാം നരേഷ് യാദവ് പത്താം പ്രതി

ബുധന്‍, 8 ജൂലൈ 2015 (14:16 IST)
മധ്യപ്രദേശിലെ വ്യാപം നിയമന കുംഭകോണത്തിൽ മധ്യപ്രദേശ് ഗവർണര്‍ റാം നരേഷ് യാദവ് പത്താം പ്രതിയെന്ന് റിപ്പോർട്ട്. പ്രമുഖ ദേശീയ മാധ്യമമായ എൻ‍ഡിടിവിയാണ് ഗവര്‍ണര്‍ പ്രതിപ്പട്ടികയില്‍ ഉള്ളകാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗവര്‍ണര്‍ക്കെതിരെ അന്വേഷണം നടക്കാത്തതിനു കാരണം അദ്ദേഹത്തിന് ഭരണഘടനാ പരിരക്ഷയുള്ളതിനാലാണെന്നും ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

നവംബറിൽ അറസ്റ്റിലായ വീർപൽ സിംഗ് എന്നയാളാണ് ഗവർണർക്കും മകന്‍ ശൈലേഷ് യാദവിനുമെതിരെ മൊഴിനല്‍കിയിരിക്കുന്നത്. 10 പേർക്കു സർക്കാർ അധ്യാപകരായി നിയമനം ലഭിക്കുന്നതിന് മൂന്നു ലക്ഷം രൂപ വീർപൽ ശൈലേഷ് യാദവിനു ഗവർണറുടെ ഔദ്യോഗിക വസതിയിൽ വച്ചു കൈമാറിയെന്നാണ് മൊഴി. എന്നാൽ ആവശ്യം ശൈലേഷ് നിവർത്തിച്ചുതന്നില്ലെന്നും മൊഴിയിലുണ്ട്.

എന്നാല്‍ ആരോപണത്തില്‍ പൊലീസ് അന്വേഷണം ഉണ്ടാകുന്നതിനുമുമ്പ് കഴിഞ്ഞ മാർച്ചില്‍ ശൈലേഷ് യാദവ് ലക്നൗവിലെ വീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അതേസമയം, യാദവിനെ ഗവർണർ സ്ഥാനത്തു നീക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും

വെബ്ദുനിയ വായിക്കുക