മല്യയെ നാടുകടത്താന്‍ കഴിയില്ലെന്ന് ബ്രിട്ടന്‍; നിയമത്തിന് മുന്നിലെത്തിക്കാന്‍ സഹായം നല്കാമെന്ന് വാഗ്‌ദാനം

Webdunia
ബുധന്‍, 11 മെയ് 2016 (10:07 IST)
മദ്യരാജാവ് വിജയ് മല്യയെ നാടുകടത്താന്‍ കഴിയില്ലെന്ന് ബ്രിട്ടന്‍ വ്യക്തമാക്കി. വിജയ് മല്യയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന സര്‍ക്കാരിന്റെ അപേക്ഷ തള്ളിയാണ് ബ്രിട്ടന്‍ നിലപാട് വ്യക്തമാക്കിയത്. ബ്രിട്ടീഷ് ഹൈക്കമ്മീഷനോട് ആയിരുന്നു മല്യയെ നാടുകടത്തണമെന്ന ആവശ്യം ഇന്ത്യ ഉന്നയിച്ചത്.
 
ഏതായാലും ബ്രിട്ടന്റെ തീരുമാനം മുന്നോട്ടുള്ള അന്വേഷണങ്ങള്‍ക്ക് തിരിച്ചടി ആയിരിക്കുകയാണ്. മല്യയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കും ഇത് തിരിച്ചടിയായി. അതേസമയം, മല്യയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തെ നിയമത്തിന് മുന്നിലെത്തിക്കാന്‍ സഹായം നല്കാമെന്ന് ബ്രിട്ടന്‍ വാഗ്‌ദാനം നല്കിയിട്ടുണ്ട്.
 
രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്ന് വന്‍തുക ലോണ്‍ എടുത്ത മല്യ അത് തിരിച്ചടയ്ക്കാതെ നാടു വിടുകയായിരുന്നു. മാര്‍ച്ച് രണ്ടിനായിരുന്നു അദ്ദേഹം ബ്രിട്ടനില്‍ എത്തിയത്. ഇന്ത്യയില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മല്യയുടെ പാസ്പോര്‍ട്ട് പിന്നീട് ഇന്ത്യ റദ്ദാക്കിയിരുന്നു. മുംബൈ പ്രത്യേക കോടതി മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റും പുറപ്പെടുവിച്ചിരുന്നു.
 
കേസുകളുടെ അന്വേഷണത്തിന് 2002ലെ കള്ളപ്പണ നിരോധനിയമപ്രകാരം മല്യയുടെ സാന്നിധ്യം അത്യാവശ്യമാണെന്ന് കാണിച്ചാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷന് കത്തയച്ചതെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
Next Article