അയോധ്യയിലെ വിവാദ ഭുമിയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും നരേന്ദ്ര മോഡി സര്‍ക്കാരിന്‍റെ കാലാവധി തികയും മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും വിഎച്ച്പി നേതാവ് സാധ്വി പ്രാചി. ബിജെപി ദലിത് മോര്‍ച്ച ദേശീയ എക്സിക്യൂട്ടീവ് മീറ്റിന് എത്തിയപ്പോഴാണ് പ്രാചിയുടെ വിവാദ പ്രസ്താവന. രാമക്ഷേത്ര നിര്‍മ്മാണത്തിനെ കുറിച്ചുളള അന്തിമ തീരുമാനം 25 ന് ആരംഭിക്കുന്ന വിഎച്ച്‌പിയുടെ ദ്വിദിന കേന്ദ്രീയ മാര്‍ഗദര്‍ശക യോഗത്തിലുണ്ടാവുമെന്നും സാധ്വി വ്യക്‌തമാക്കി.
ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ജാമ്യം ലഭിച്ചതിനെ കുറിച്ച് നടത്തിയ പ്രസ്‌താവനയില്‍ സാധ്വി ഉറച്ചുനിന്നു. അദ്ദേഹത്തിന് ജാമ്യം ലഭിച്ചത് ഖാന്‍ ആയതുകൊണ്ടാണെന്ന ആരോപണം അവര്‍ ആവര്‍ത്തിച്ചു. ക്രൂരമായ ബലാത്സംഗത്തിന് ഇരയായ അരുണ ഷാന്‍ബാഗ് 42 വര്‍ഷം നീതി ലഭിച്ചില്ല, അവര്‍ മരിക്കുകയും ചെയ്‌തു. എന്നാല്‍, സല്‍മാന് എങ്ങനെയാണ് ഇത്രയെളുപ്പം ജാമ്യം ലഭിച്ചതെന്നും അവര്‍ ചോദിച്ചു. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ഈ സര്‍ക്കാരിന് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനാവില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.