ലോകമെങ്ങും പ്രണയദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14ന് പ്രണയം പങ്കിടാന്‍ പുറത്തിറങ്ങുന്ന യുവമിഥുനങ്ങളെ പിടിച്ച് കെട്ടിക്കുമെന്ന് ഹിന്ദു മഹാസഭ പ്രഖ്യാപിച്ചതിനു പിന്നാലെ സംഘര്‍ഷങ്ങളൊഴിവക്കാന്‍ അന്നേ ദിവസം മാതൃപിതൃദിനമായി ആചരിക്കാന്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍സ്‌കൂളുകള്‍ക്കെല്ലാം ഇതിനുള്ള ഉത്തരവ് നല്‍കി.
രണ്ടുവര്‍ഷത്തോളമായി സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകള്‍ ഈ ദിനം ആചരിച്ചുവരികയായിരുന്നു. ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ആഹ്വാനപ്രകാരമായിരുന്നു ഈ നടപടി. എന്നാല്‍ അതിന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ ഈ ദിനത്തിന് ഔദ്യോഗിക്മ അംഗീകാരമാണ് നല്‍കിയിരിക്കുന്നത്. ഈ ദിനത്തില്‍ വിദ്യാര്‍ഥികള്‍ അച്ഛനമ്മമാരെ സ്‌കൂളിലേക്ക് ക്ഷണിച്ച് മാലയിട്ട് ആരതിയുഴിഞ്ഞ് മധുരപലഹാരങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം.
അതേസമയം ഹിന്ദു മഹാസഭയെ പ്രീണിപ്പിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റേതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. നേരത്തെ ഫെബ്രുവരി 14 'മാതാ പിതാ പൂജന്‍ ദിവസ്' ആയി ആചരിക്കണമെന്ന് ഹിന്ദുമഹാസഭ രാജ്യത്തെ യുവാക്കളോട് കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. ഇത് ലംഘിച്ച് അന്ന് ഉല്ലാസത്തിനിറങ്ങുന്ന പ്രണയജോഡികളെ പിടികൂടി വിവാഹം കഴിപ്പിക്കും. അവര്‍ ഹിന്ദുക്കളാണെങ്കില്‍ ആര്യസമാജ വിധിപ്രകാരം ചടങ്ങുനടത്തും. വ്യത്യസ്ത മതക്കാരാണെങ്കില്‍ 'ശുദ്ധീകരണ' ആചാരത്തിന് വിധേയരാക്കും തുടങ്ങിഒയ ഭീഷണികളാണ് ഹിന്ദുമഹാസഭ ഉയര്‍ത്തിയിരിക്കുന്നത്.