പൂനെ: കേന്ദ്ര സർക്കാരിൽനിന്നും പുതിയ ഓർഡറുകൾ ലഭിയ്ക്കാത്തതിനെ തുടർന്ന് കൊവീഷീൽഡ് കൊവിഡ് വാക്സിന്റെ ഉത്പാദനം താൽക്കാലികമായി നിർത്തിവച്ച് സിറം സിൻസ്റ്റിറ്റ്യൂട്ട്. നിലവിൽ അഞ്ച് കോടിയിലധികം ഡോസ് വാക്സിൻ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഗോഡൗണിൽ സൂക്ഷിച്ചിരിയ്ക്കുകയാണ്. ധാരണയുടെ അടിസ്ഥാനത്തിൽ 20 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിൻ കഴിഞ്ഞ ആഴ്ച ബ്രസീലിലേയ്ക്ക് കയറ്റി അയച്ചിരുന്നു. അന്താരാഷ്ട്ര കയറ്റുമതിയ്ക്ക് തടസങ്ങൾ ഇല്ലെങ്കിലും കണക്കുകൂട്ടിയ വേഗത്തിൽ വാക്സിന് ഓർഡർ ലഭിയ്ക്കാത്ത പശ്ചാത്തലത്തിലാണ് കൊവിഷീൽഡ് വാക്സിൻ ഉത്പാദനം താൽക്കാലികമായി നിർത്തിവച്ചിരിയ്ക്കുന്നത്. അതേസമയം പിന്നോക്ക രാജ്യങ്ങളിലേയ്ക്കുള്ള കൊവാക്സ് പദ്ധതിയിലേയ്ക്ക് 110 കോടി ഡോസ് വാക്സിൻ കൂടി നൽകാൻ സിറം ഇൻസ്റ്റിറ്റ്യൂട്ട് പുതിയ കരാർ ഒപ്പിട്ടു. ആസ്ട്രസെനകയും നോവാവാക്സും ചേർന്ന് വികസിപ്പിച്ച വാക്സിനാണ് ഈ കരാറിൽ ലഭ്യമാക്കുക.