കണ്ണുതള്ളി ഉദ്യോഗസ്ഥര്‍; സമൂസ വില്‍പ്പനക്കാരന്റെ വരുമാനം ഒരു കോടി - പുലിവാല് പിടിച്ച് മുകേഷ്

ചൊവ്വ, 25 ജൂണ്‍ 2019 (16:25 IST)
വഴിയോരത്തുള്ള സമൂസ കച്ചവടത്തിലൂടെ ഒരു കോടി രൂപ പ്രതിവര്‍ഷം സമ്പാദിക്കാന്‍ കഴിയുമോ?. ഇല്ല എന്ന് പറയാന്‍ വരട്ടെ, കോടികളുടെ വില്‍പ്പന നടത്തി ഒടുവില്‍ ആദായനികുതി വകുപ്പിന്റെ പിടിയിലായ മുകേഷാണ് ഇപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ അലിഗഢിലെ സീമ സിനിമാ ഹാളിന് അടുത്തുള്ള ഒരു വഴിയോര കച്ചവടക്കാരനായ മുകേഷാണ് ആദായനികുതി വകുപ്പിന്റെ കണ്ണിലുടക്കിയത്. ജിഎസ്ടി രജിസ്‌ട്രേഷന്‍ നടത്താത്തതും യാതൊരു വിധ നികുതിയും അടയ്‌ക്കാത്തതുമാണ് അദ്ദേഹത്തിന് വിനയായത്. ഇത് കാണിച്ച് അധികൃതര്‍ മുകേഷിന് നോട്ടീസ് നല്‍കി.

വഴിയരുകിലുള്ള മുകേഷിന്റെ ചെറിയ കടയില്‍ ഉത്തരേന്ത്യന്‍ പലഹാരമായ കച്ചോരിയും സമൂസയുമാണ് വിഭവങ്ങള്‍. രാവിലെ മുതല്‍ രാത്രിവരെ തുറന്നിരിക്കുന്ന ഈ കടയില്‍  വരി നിന്നാണ് ആളുകള്‍ പലഹാരങ്ങള്‍ വാങ്ങുന്നത്. ഈ തിരക്ക് ഒരു അവസാനമില്ലാതെ ദിവസം മുഴുവൻ തുടരും.

ഈയടുത്ത് ഒരു പരാതി ലഭിച്ചതോടെയാണ് മുകേഷിന്റെ കച്ചവടവും വരുമാനവും ആദായനികുതി വകുപ്പ് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഉദ്യോഗസ്ഥര്‍ സമീപത്തുള്ള കടയില്‍ പതിവായി വരുകയും 'മുകേഷ് കച്ചോരി'യിലെ കച്ചവടം മനസിലാക്കുകയും ചെയ്‌തു.

പ്രതിവര്‍ഷം 60 ലക്ഷത്തിനും ഒരു കോടിക്കും ഇടയിലാണ് കടയിലെ വിറ്റുവരവെന്നാണ്‌ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. മുകേഷ് 60 ലക്ഷം മുതൽ ഒരു കോടിയോളം രൂപ വരെ പ്രതിവർഷം സമ്പാദിക്കുന്നുണ്ടെന്നും മനസിലായി. ഇതോടെയാണ് നോട്ടീസ് അയക്കാൻ ആദായ നികുതി വകുപ്പ് തീരുമാനിച്ചത്.

അതേസമയം, അധികൃതര്‍ പറയുന്ന വരുമാനമൊന്നും തനിക്കില്ലെന്ന് മുകേഷ് വ്യക്തമാക്കി. കഴിഞ്ഞ 12 വര്‍ഷമായി ഇവിടെ കടനടത്തുകയാണ്. പ്രതിദിനം 2000-3000 രൂപയുടെ കച്ചവടം മാത്രമാണ് കടയില്‍ നടക്കുന്നത്. ആദായനികുതി വകുപ്പ് പറയുന്നതിന്‍റെ പകുതി വരുമാനം പോലും തനിക്ക് ലഭിക്കുന്നില്ലെന്നും മുകേഷ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍