തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകള്‍ കെ കവിതക്കെതിരേ രാജ്യദ്രോഹക്കുറ്റം. തെലങ്കാനയും ജമ്മുകശ്മീരും ഇന്ത്യയുടെ ഭാഗങ്ങളല്ലായിരുന്നു എന്ന പ്രസ്താവനയേ തുടര്‍ന്നാണ് കവിതക്കെതിരേ കേസെടുത്തത്. നിലവില്‍ നിസാമാബാദ് എംപിയാണ് ഇവര്‍.
പ്രമുഖ ദിനപ്പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് കവിത വിവാദമായ പ്രസ്താവന നടത്തിയത്. ജമ്മു കശ്മീരും ഹൈദരാബാദും മുമ്പ് ഇന്ത്യയുടെ ഭാഗമല്ലയിരുന്നു എന്നും ഇന്ത്യ ഇവ പിടിച്ചെടുക്കുകയുമായിരുന്നു എന്നാണ് കവിത പറഞ്ഞത്.
ജമ്മു കശ്മീരിലെ പല പ്രദേശങ്ങളും നമ്മുടെ ഭാഗമല്ലെന്നും അക്കാഎയം നമ്മള്‍ അംഗീകരിക്കണമെന്നും അതിര്‍ത്തി മാറ്റിവരയ്ക്കണമെന്നും കവിത അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. സംഭവം വിവാദമായതോടെ ബിജെപി നേതാവായ കെ കരുണാ സാഗര്‍ നമ്പള്ളി മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.
പരാതി പരിഗണിച്ച കോടതി കവിതക്കെതിരേ അന്വേഷണം നടത്താനും കേസ് രജിസ്റ്റര്‍ ചെയ്യാനും ഉത്തരവിട്ടിരുന്നു. പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.