തൃണമൂല്‍ മലക്കം മറിഞ്ഞു, ചരക്ക് സേവന നികുതി ബില്ലിന് പിന്തുണ, അമ്പരന്ന് പ്രതിപക്ഷം

ശനി, 25 ഏപ്രില്‍ 2015 (14:29 IST)
ചരക്ക് സേവന നികുതി ബില്ലിന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ. ചരക്ക് സേവന നികുതി ബില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ലോക്സഭയുടെ മേശപ്പുറത്ത് വച്ചതിനു പിന്നാലെ പാര്‍ലമെന്റില്‍ നിന്ന് ഇറങ്ങിപ്പോയ പ്രതിപക്ഷ കക്ഷികളുടെ കൂട്ടത്തില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ഉണ്ടായിരുന്നു. എന്നാല്‍ പ്രതിപക്ഷത്തെ മറ്റ് അംഗങ്ങളെ അമ്പരപ്പിച്ചുകൊണ്ട് തൃണമൂല്‍ മലക്കം മറിഞ്ഞ് ബില്ലിന് പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍.

 കോണ്‍ഗ്രസ്, ഇടത്, തൃണമൂല്‍, രാഷ്ട്രീയ ജനതാദള്‍, ജനതാദള്‍ യുണൈറ്റഡ്, സമാജ് വാദി പാര്‍ട്ടി എന്നിവരാണ് ബില്ല് സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടാത്തതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്. എന്നാല്‍ എഐഎഡിഎംകെ, ബിജു ജനതാദള്‍ എന്നീ പാര്‍ട്ടി എംപിമാര്‍ സഭയില്‍ത്തന്നെയിരുന്നു. ഇതിനു പിന്നാലെയാണ് തൃണമൂല്‍, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ പിന്തുണ അറിയിച്ചത്. കഴിഞ്ഞ മാസം കല്‍ക്കരി നിയമ ഭേദഗതി ബില്‍ പാസാക്കുന്നതിനും തൃണമൂല്‍ പിന്തുണ നല്‍കിയിരുന്നു.

അതേസമയം ത്രിണമൂലും ബിജെപിയും തമ്മിലുള്ള പരസ്പര ധാരണയുടെ ഫലമാണ് പാര്‍ട്ടിയുടെ പിന്തുണയെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും സിപിഐഎമ്മും രംഗത്തെത്തിയിട്ടുണ്ട്. ശാരദാ കുംഭകോണക്കേസില്‍ അന്വേഷണം മരവിപ്പിക്കുന്നതിനു വേണ്ടിയാണ് പാര്‍ട്ടി സര്‍ക്കാരിന് പിന്തുണ നല്‍കുന്നതെന്ന് ഇവര്‍ പറയുന്നു.  ഭരണഘടനാ ഭേദഗതിയായതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതിന് ബില്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ഇറങ്ങിപ്പോക്ക് നടത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക