ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു
തിങ്കള്‍, 11 ഡിസംബര്‍ 2017 (12:00 IST)
ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും പാക്ക് ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. കശ്മീരിലെ ഹന്ദ്വാരയിലാണ് ജമ്മു കശ്മീര്‍ പൊലീസും സിആര്‍പിഎഫും രാഷ്ട്രീയ റൈഫിൾസും സംയുക്തമായി ഏറ്റുമുട്ടല്‍ നടത്തിയത്. ഞായറാഴ്ച അർധ രാത്രിയായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.
പ്രദേശത്ത് കനത്ത മഞ്ഞു വീഴ്ചയുള്ളതിനാല്‍ ഭീകരര്‍ ഗ്രാമങ്ങളിൽ ഒളിവിൽ കഴിയാനുള്ള സാധ്യത കൂടുതലാണെന്നും തിരച്ചിൽ ഇപ്പോളും തുടരുകയാണെന്നും സേന അറിയിച്ചു. അതേ സമയം ഒരു ഭീകരനെ ജീവനോടെ പിടികൂടിയതായും സൂചനയുണ്ട്.
സൈനിക നടപടിക്ക് പിന്നാലെ സോപോർ, ഹന്ദ്വാര, ബാരാമുള്ള, കുപ്‍വാര എന്നിവിടങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെക്കുകയും ചെയ്തു.