സൂര്യനെ നമസ്കരിക്കാൻ ബുദ്ധിമുട്ടുള്ളവർ പുറം തിരിഞ്ഞു നിന്ന് യോഗ ചെയ്യട്ടെ: കര്‍ണാടക മന്ത്രി

വ്യാഴം, 11 ജൂണ്‍ 2015 (15:12 IST)
അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി സൂര്യനമസ്ക്കാരംചെയ്യുമ്പോള്‍ സൂര്യനെ നമസ്കരിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ പുറം തിരിഞ്ഞ് നിന്ന് യോഗ ചെയ്താല്‍ മതിയെന്ന് കര്‍ണാടക ആരോഗ്യമന്ത്രി യു ടി ഖാദർ. യോഗാദിനാചരണം ഇസ്ലാമിക വിരുദ്ദമാണെന്നും അടിച്ചേല്‍പ്പിക്കരുതെന്നും ആവശ്യപ്പെട്ട് നടക്കുന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിന്റെ നിർദേശമനുസരിച്ച് കർണാടകത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിക്കുമെന്നും ഖാദർ പറഞ്ഞു.

യോഗ കാരണം ഒരു മതത്തിനും ഉയർച്ചയോ താഴ്ചയോ ഉണ്ടാവില്ലെന്നും മറിച്ച് ആരോഗ്യം വർദ്ധിക്കുകയേ ഉള്ളൂവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. യോഗ പൂർവികരുടെ സംഭാവനയാണ് . ഇപ്പോഴത് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു . അതുകൊണ്ട് തന്നെ കേന്ദ്ര നിർദ്ദേശങ്ങൾ സംസ്ഥാനം നടപ്പിലാക്കും . മന്ത്രി വ്യക്തമാക്കി.

മുസ്ലിം സംഘടനകൾ യോഗയെ എതിർക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് താനാദ്യം ഒരു ആരോഗ്യ മന്ത്രിയാണെന്നും ആരോഗ്യവും വിദ്യാഭ്യാസവും ഭക്ഷണവും മതത്തിനുപരിയായാണ് താൻ കാണുന്നതെന്നും യു ടി ഖാദർ മറുപടി പറഞ്ഞു. താൻ സ്ഥിരമായി യോഗ ചെയ്യുന്ന ആളാണെന്നും തന്റെ ശരീരഭാരം കുറയ്ക്കാൻ യോഗ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെബ്ദുനിയ വായിക്കുക