‘പത്മാവതി’യ്ക്കെതിരായ പ്രതിഷേധം: ദീപികയുടെ തലയെടുക്കാൻ ആഹ്വാനം ചെയ്ത ബിജെപി നേതാവ് രാജിവച്ചു

വ്യാഴം, 30 നവം‌ബര്‍ 2017 (08:50 IST)
പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചരിത്ര പ്രാധന്യമുള്ള സിനിമയാണ് പത്മാവതി. താര സുന്ദരിയായ ദീപിക പതുക്കോണ്‍ നായികയായി എത്തുന്ന സിനിമ തുടക്കം മുതല്‍ക്കുതന്നെ വിവാദങ്ങളില്‍പ്പെട്ടിരുന്നു.
 
രാജസ്ഥാനിലെ ചിറ്റോര്‍ കോട്ടയില്‍ അലാവുദ്ദീന്‍ ഖില്‍ജി നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട കഥയാണ് സിനിമയുടെ പശ്ചാത്തലം. ചക്രവര്‍ത്തിയായ അലാവുദ്ദീന്‍ ഖില്‍ജിക്ക് കീഴടങ്ങാല്‍ തയ്യാറാകാതിരുന്ന റാണി പത്മിനിയാണ് ‘പത്മാവതി’ എന്ന ചിത്രത്തിന്റെ പ്രമേയം.
 
സഞ്ജയ് ലീല ബന്‍സാലിയുടെയും നായിക ദീപിക പദുക്കോണിന്റെയും തലയെടുക്കുന്നവർക്കു 10 കോടി രൂപ നൽകുമെന്നു പ്രഖ്യാപിച്ച ഹരിയാനയിലെ ബിജെപി നേതാവ് സൂരജ് പാല്‍ അമു പാർട്ടി ചീഫ് മീഡിയ കോഓർഡിനേറ്റര്‍ സ്ഥാനം രാജിവച്ചു. 
 
നടന്‍ രണ്‍വീര്‍ സിങ്ങിന്റെ കാലുകള്‍ തല്ലിയൊടിക്കുമെന്നും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് രാജി. പത്മാവതി പ്രദർശിപ്പിച്ചാൽ തിയറ്ററുകൾക്കു തീവയ്ക്കുമെന്നും അമു നേരത്തേ ഭീഷണി മുഴക്കിയിരുന്നു. 
 
ഇത് ദേശീയ തലത്തില്‍ ചർച്ചയായതോടെ വിവാദ പരാമർശങ്ങളുടെ പേരിൽ പാർട്ടി സംസ്ഥാന ഘടകം അമുവിനു കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. പത്മാവതിക്കെതിരെ പ്രതിഷേധം നയിക്കുന്ന കര്‍ണിസേനയുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ റദ്ദാക്കിയതു മൂലമാണു രാജിയെന്നു അമു പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍