മുത്തലാഖ് ഭരണഘടനാവിരുദ്ധമല്ല; ആറ് മാസത്തിനകം പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തണം: സുപ്രീം കോടതി

ചൊവ്വ, 22 ഓഗസ്റ്റ് 2017 (11:01 IST)
വിവാഹമോചന രീതിയായ മുത്തലാഖ് ഭരണഘടനാവിരുദ്ധമല്ലെന്ന് സുപ്രീം കോടതി. മുത്തലാഖിന് ഭരണഘടനാ സാധുതയുണ്ടെന്നും കോടതി പറഞ്ഞു. അതേസമയം മുത്തലാഖിന് ആറ് മാസത്തേക്ക് കോടതി സ്റ്റേ  അനുവദിച്ചു. മതപരമായ വിശ്വാസത്തിന്റെ കാര്യമായതിനാൽ കോടതിയ്ക്ക് ഇടപെടാന്‍ കഴിയില്ലെന്നും ആറു മാസത്തിനകം ഇക്കാര്യത്തില്‍ പാർലമെന്റിന് വേണമെങ്കിൽ നിയമനിർമാണം നടത്താമെന്നും കോടതി പറഞ്ഞു.
 
മുത്തലാഖിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളിലായിരുന്നു കോടതി വാദം കേട്ടതും തുടര്‍ന്ന് വിധി പറഞ്ഞതും. ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, കുര്യന്‍ ജോസഫ്, യുയു ലളിത്, എസ് അബ്ദുള്‍ നസീര്‍ എന്നിവരായിരുന്നു ഖേഹറിനൊപ്പം വാദം കേട്ടത്. 
 
മുത്തലാഖിന്റെ ഇരയായ ഉത്തരാഖണ്ഡ് സ്വദേശി ശഹരിയാബാനുവായിരുന്നു കേസിലെ മുഖ്യ ഹര്‍ജിക്കാരി. മുസ്ലിം വിമണ്‍സ് ക്വസ്റ്റ് ഫോര്‍ ഈക്വാലിറ്റി എന്ന സംഘടനയും മുത്തലാഖിന്റെ ഇരകളായ നാല് സ്ത്രീകളും പിന്നീട് കക്ഷി ചേരുകയായിരുന്നു. ഇവരോടൊപ്പം കേന്ദ്ര സര്‍ക്കാരും കോടതി നിശ്ചയിച്ച അമിക്കസ് ക്യൂറി സല്‍മാന്‍ ഖുര്‍ഷിദും മുത്തലാഖ് നിരോധിക്കണമെന്ന് കോടതിയില്‍ വാദിക്കുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക