കശ്മീരിലെ പ്രളയബാധിതര്‍ക്കുള്ള നഷ്ടപരിഹാരം പരിഗണിക്കണമെന്ന് സുപ്രീംകോടതി

തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (16:19 IST)
കശ്മീരിലെ പ്രളയബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ആശങ്ക പ്രകടിപ്പിച്ച കോടതി പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാന്‍ കേന്ദ്രം സ്വീകരിച്ച നടപടികള്‍ വിശദീകരികരിക്കണമെന്നും വ്യക്തമാക്കി. 
 
കശ്മീരിലെ പ്രളയ മേഖലയില്‍ ഒരു ലക്ഷത്തിലേറെ പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. മഴ ഭീഷണി ഒഴിഞ്ഞതോടെ കശ്മീരിലെ പ്രളയമേഖലയില്‍ സൈന്യം രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിരുന്നു. കനത്ത മഴയേയും ഇടിമിന്നലിനേയും തുടര്‍ന്ന് നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനം ഇന്നലെ രാവിലെയാണ് പുനരാരംഭിച്ചത്. ജലനിരപ്പ് വീണ്ടും ഉയരുമോയെന്ന ആശങ്കയിലാണ് അധികൃതര്‍.
 
അരനൂറ്റാണ്ടിനിടെ കശ്മീര്‍ താഴ്‌വരയിലുണ്ടായ കനത്ത പ്രളയത്തില്‍ ഇരുനൂറിലധികം പേരാണ് മരിച്ചത്. ആയിരക്കണക്കിന് പേര്‍ ഭവനരഹിതരായി. റോഡുകളും പാലങ്ങളും അടക്കം അടിസ്ഥാന സൗകര്യങ്ങളെല്ലാം താറുമാറായ പ്രളയബാധിത പ്രദേശങ്ങളില്‍ ജനജീവിതം സാധാരണ രീതിയിലാകാന്‍ മാസങ്ങളെടുക്കുമെന്നാണ് വിലയിരുത്തല്‍.

വെബ്ദുനിയ വായിക്കുക