ന്യായാധിപ നിയമന കമ്മീഷന്റെ സാധുത: ഇന്ന് വിധി

വെള്ളി, 16 ഒക്‌ടോബര്‍ 2015 (08:10 IST)
കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ന്യായാധിപ നിയമന കമ്മീഷന്റെ സാധുത ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ജെഎസ് കേഹര്‍, മദന്‍ ബി ലോക്കൂര്‍, ജെ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, എകെ ഗോയല്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറയുക.

ജഡ്ജിമാരുടെ നിയമനത്തിനായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളിജിയം സംവിധാനമാണ് നിലവിലുള്ളത്. ഇതിന് പകരം ആറംഗ സമിതിയെ ന്യായാധിപ നിയമനത്തിനായി നിയോഗിക്കുന്ന ബില്ല് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു.

സുപ്രീംകോടതി ജഡ്ജിമാരെയും രാജ്യത്തെ ഹൈക്കോടതികളിലെ ജഡ്ജിമാരെയും നിയമിക്കാന്‍ നിലവിലെ കൊളിജിയം സംവിധാനത്തിന് പകരം സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ സംവിധാനമാണ് ദേശീയ ന്യായധിപ നിയമന കമ്മീഷന്‍. മൂന്ന് മാസത്തിനിടയില്‍ 28 ദിവസങ്ങളിലായി ഭരണഘടന ബെഞ്ച് കേസില്‍ വാദം കേട്ട ശേഷമാണ് വിധി പറയുന്നത്.

വെബ്ദുനിയ വായിക്കുക