സ്വകാര്യ മെഡി. കോളേജുകളുടെ അംഗീകാരം മൗലികാവകാശമല്ല: സുപ്രീംകോടതി
വ്യാഴം, 23 ജൂലൈ 2015 (12:35 IST)
സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം നിഷേധിക്കുന്നത് മൗലികാവകാശത്തിന്റെ നിഷേധമല്ലെന്ന് സുപ്രീംകോടതി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ പ്രതികൂലവിധി ചോദ്യംചെയ്‍ത് കേരളത്തിലെ രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി. ഡിഎം വയനാട് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, പാലക്കാട് പികെ ദാസ് മെഡിക്കല്‍ കോളജ് എന്നീ സ്വാശ്രയ സ്ഥാപനങ്ങളുടെ ഹര്‍ജി തള്ളിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. മെഡിക്കല്‍ കോളേജുകള്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
പ്രവേശനത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരും മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുമാണ്. ഇക്കാര്യത്തില്‍ മെഡിക്കല്‍ കൌണ്‍സില്‍ തീരുമാനം ചോദ്യം ചെയ്ത് മാനേജ്മെന്റുകള്‍ നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത് തെറ്റെന്നും കോടതി ഉത്തരവിട്ടു. ഭരണഘടനയുടെ 32 എ അനുശ്ചേദപ്രകാരം മെഡിക്കല്‍ കോളേജുകള്‍ക്ക് സുപ്രീം കോടതിയെ നേരിട്ട് സമീപിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ജസ്റീസുമാരായ എംവൈ ഇക്ബാല്‍, അരുണ്‍ മിശ്ര എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. മെഡിക്കല്‍ കോളേജുകള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, വി ഗിരി എന്നിവരാണ് കോടതിയില്‍ഹാജരായത്.
ഡിഎം വയനാട് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, പാലക്കാട് പികെ ദാസ് മെഡിക്കല്‍ കോളേജ് എന്നീ സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് ഈ അധ്യയന വര്‍ഷം മെഡിക്കല്‍ പ്രവേശനം നടത്തുന്നതിന് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ അനുമതി നിഷേധിച്ചിരുന്നു. ആവശ്യമായ സൌകര്യങ്ങള്‍ ഇല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എംസിഐയുടെ നടപടി. ഇത് ചോദ്യം ചെയ്താണ് മെഡിക്കല്‍ കോളേജുകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.