ഡ്രാഗണ്‍ ഫ്രീഡം പേടകത്തിലാണ് സുനിത വില്യംസ് ഭൂമിയിലേക്ക് തിരിച്ചെത്തുന്നത്. സുനിത ഉള്‍പ്പെടെ നാല് യാത്രികര്‍ കയറിയ പേടകം ഭൂമിയിലേക്കുള്ള യാത്രയിലാണ് ഇപ്പോള്‍. ഇന്ന് രാവിലെ പത്തരയ്ക്കും പതിനൊന്നിനും ഇടയിലാണ് യാത്രാപേടകം ബഹിരാകാശ നിലയവുമായുള്ള ബന്ധം വേര്‍പ്പെടുത്തുന്ന അണ്‍ഡോക്കിങ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഡ്രാഗണ്‍ പേടകത്തെ ഐഎസ്എസുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്ന ഡോച്ചിങ്ങും വിജയമായിരുന്നു. നാളെ പുലര്‍ച്ചെ 3.30ന് ഇവര്‍ ഭൂമിയില്‍ എത്തുമെന്നാണു നിഗമനം.
ഏകദേശം 17 മണിക്കൂര്‍ യാത്രയാണ് ഭൂമിയിലേക്ക് വേണ്ടതെന്നാണ് കരുതുന്നത്. കാലാവസ്ഥ, സമുദ്രത്തിന്റെ അവസ്ഥ എന്നിവയെല്ലാം കൂടി പരിഗണിച്ചായിരിക്കും ഭൂമിയിലേക്കുള്ള ലാന്‍ഡിങ്. ഫ്‌ളോറിഡ തീരത്തിനടുത്ത് അറ്റ്‌ലാന്റിക്കില്‍ ആയിരിക്കും പേടകം സുരക്ഷിതമായി ഇറക്കുക. 2024 ജൂണ്‍ 5ന് ആണ് സുനിതയും ബുച്ച് വില്‍മോറും നിലയത്തിലെത്തിയത്. ഇവരെത്തിയ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിനു തകരാര്‍ സംഭവച്ചതിനാലാണു മടക്കയാത്ര നീണ്ടത്.