‘സുനന്ദയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ശശി തരൂര്‍ സമ്മര്‍ദം ചെലുത്തി’

ബുധന്‍, 2 ജൂലൈ 2014 (09:32 IST)
മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ കേന്ദ്രമന്ത്രിമാരായിരുന്ന ഗുലാം നബി ആസാദും ശശി തരൂരും സമ്മര്‍ദം ചെലുത്തിയെന്ന് ആരോപണം. എയിംസിലെ ഡോക്ടര്‍ സുധീര്‍ ഗുപ്തയാണ് ആരോപണം ഉന്നയിച്ചത്.  
 
ഇരുവരുടെയും സമ്മര്‍ദത്തിന് വഴങ്ങി റിപ്പോര്‍ട്ടില്‍ സത്യം വെളിപ്പെടുത്താനായില്ല. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനു മുമ്പാകെ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഡോ ഗുപ്തയുടെ വെളിപ്പെടുത്തല്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തിയതിന് തെളിവായി എയിംസ് ഡയറക്ടറും തരൂരും തമ്മിലുള്ള ഇ - മെയില്‍ സന്ദേശങ്ങളും സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.
 
സുനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയ സംഘത്തിന്റെ തലവനായിരുന്നു ഡോ ഗുപ്ത. ഗുലാം നബി ആസാദും ശശി തരൂരും മന്ത്രിമാരായിരുന്നതു കൊണ്ട് സത്യം വെളിപ്പെടുത്താന്‍ തനിക്കായില്ല. മുദ്രവച്ച കവറില്‍ തന്റെ നിലപാടുകള്‍ അറിയിക്കാന്‍ അവസരം നല്‍കണമെന്നും അദ്ദേഹം സിഎടിയോട് ആവശ്യപ്പെട്ടു. റഷ്യന്‍ വിഷം ഉള്ളില്‍ ചെന്നാണ് സുനന്ദ മരിച്ചതെന്നും കേസില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാ‍മി കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. 
 

വെബ്ദുനിയ വായിക്കുക