വീണ്ടും വരുന്നു ആണവ അന്തര്‍വാഹിനി, സമുദ്രം അടക്കിവാഴാന്‍ നാവികസേന

തിങ്കള്‍, 2 നവം‌ബര്‍ 2015 (17:40 IST)
ഇന്ത്യന്‍ മഹാ സമുദ്രത്തിലെ സുപ്രധാന നാവിക ശക്തിയായി ഇന്ത്യമാറുന്നു. സ്വന്തമായി ആണവ അന്തര്‍വാഹിനി നിര്‍മ്മിച്ച് ലോകത്തെ ഞെട്ടിച്ച ഇന്ത്യ റഷ്യയില്‍ നിന്ന് മറ്റൊരു ആണവ അന്തര്‍വാഹിനി പാട്ടത്തിനെടുക്കാന്‍ പോകുന്നു. അകുല ക്ലാസിൽപ്പെട്ട അന്തര്‍വാഹിനിയാണ് ഇന്ത്യ വാങ്ങാന്‍ പോകുന്നത്.  അന്തർവാഹിനി കൈമാറ്റത്തിന് റഷ്യൻ സർക്കാരുമായുള്ള ചർച്ചകൾ പൂർത്തിയായി. പ്രതിരോധമന്ത്രിയുടെ റഷ്യസന്ദർശത്തിൽ കരാർ വ്യവസ്ഥകൾ സംബന്ധിച്ച് അന്തിമതീരുമാനമാകും.

പത്തുവർഷമാണ് പാട്ടക്കാലാവധി. ഇതിനുശേഷം അന്തർവാഹിനി പൂർണമായും രാജ്യത്തിന് സ്വന്തമാകും. 2018ൽ അകുല അന്തർവാഹിനി രാജ്യത്തിന് കൈമാറുമെന്നാണ് പ്രതീക്ഷ. ഇതിനു മുമ്പായി അന്തര്‍വാഹിനിയിലെ ആയുധങ്ങള്‍ പരിഷ്കരിക്കുകയും നാവികര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും. അകുല ക്ലാസില്‍ പെട്ട ഒരു അന്തർവാഹിനി ഇപ്പോൾതന്നെ നാവികസേനയ്ക്കുണ്ട്. ഐഎൻഎസ് ചക്ര. രണ്ടാമത്തെ ആണവ അന്തർവാഹിനികൂടി വരുന്നതോടെ കടൽ നിരീക്ഷണം ശക്തമാക്കാൻ ഇന്ത്യയ്ക്കാകും.

എ‌ട്ടു 533 എംഎം ടോർപ്പിഡോകൾ അകുലയിലുണ്ട്. ആകെ 40 ടോർപ്പിഡോകൾ വഹിക്കാനാകും. ക്ലബ്ബ് മിസൈലുകളും ക്രൂയിസ് മിസൈലുകളും അകുലയുടെ സംഹാരശേഷി വർധിപ്പിക്കുന്നു. ജലോപരിതലത്തിൽപ്രത്യക്ഷപ്പെടുമ്പോൾ ശത്രുവിമാനങ്ങളുടെ ആക്രമണമുണ്ടായാൽ തിരിച്ചടിക്കാനുള്ള ആധുനിക മിസൈൽ സംവിധാനവും അന്തർവാഹിനിയിലുണ്ട്. കൂടുതക്ല് നേരം കടലിന്നടിയില്‍ കഴിയാന്‍ സാധിക്കുമെന്നതിനാല്‍ കൂടുതല്‍ ദൂരം നിരീക്ഷണം നടത്താന്‍ സാധിക്കും. ശബ്ദം കുറവായതിനാൽ ശത്രുക്കളുടെ കണ്ണിൽപ്പെടുന്നതിനുള്ള സാ‌ധ്യതയും കുറവാണ്.

കൊച്ചിയിൽ നിർമ്മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് പ്രവർത്തസജ്ജമാകുമ്പോൾ ഈ അന്തർവാഹിനിക്കായിരിക്കും സുരക്ഷാചുമതല.  533 എംഎം ടോർപ്പിഡോ ഈ അന്തര്‍വാഹിനിയില്‍ ഉള്ളതിനാല്‍ സംഹാരത്തിന്റെ കാര്യത്തില്‍ ആണവാക്രമണത്തിനു തുല്യമായി തീരും. ശത്രുവിന്റെ കപ്പലുകളും അന്തര്‍വാഹിനികളും നിമിഷങ്ങള്‍ക്കകം തകര്‍ക്കാന്‍ ഈ ടോര്‍പ്പിഡോ മിസൈലിനു സാധിക്കും.

ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആണവ അന്തർവാഹിനി പ്രവർത്തന സജ്ജമാകുന്നതിനു മുന്നോടിയായി മികച്ച പരിശീലനം നേടാൻ നാവികസേനയ്ക്ക് സാധിക്കുമെന്നതാണ് ഈ അന്തര്‍വാഹിനികൊണ്ടുള്ള പ്രധാന നേട്ടം. ഇന്ത്യൻ നിർമ്മിത ആണവ അന്തർവാഹിനിയായ അരിഹന്ത് 2009ൽ കടലിലിറക്കിയെങ്കിലും ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്. ഇതിന്റെ ആധുനികപതിപ്പായ അരിധമൻ നിർമ്മാണഘട്ടത്തിലും. അതിനാല്‍ നാവിക ശക്തി വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമായിരുന്നു.

വെബ്ദുനിയ വായിക്കുക