സുഭാഷ് ചന്ദ്രബോസിനെ നെഹ്റു ഭയപ്പെട്ടിരുന്നു, മരിച്ചിട്ടുപോലും...!
വെള്ളി, 10 ഏപ്രില്‍ 2015 (13:41 IST)
നേതാജി സുഭാഷ് ചന്ദ്രബോസിനെയും കുടുംഭാംഗങ്ങളേയും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ ലാല്‍ നെഹ്റു ഭയപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍. 1948 മുതല്‍ രണ്ട് പതിറ്റാണ്ട് നെഹ്രുവിന്റെ സര്‍ക്കാര്‍ നേതാജിയേയും അദ്ദേഹത്തിന്റെ കുടുബാംഗങ്ങളേയും നിരന്തരം നിരീക്ഷിച്ചിരുന്നതായുള്ള വെളിപ്പെടുത്തലുകളാണ് പുറത്ത് വന്നിരിക്കുന്നത്.
നിരീക്ഷണം കൂടാതെ ബോസിന്റെ കുടുംബാംഗങ്ങള്‍ എഴുതുന്ന കത്തുകള്‍ പകര്‍ത്തുകയും ചെയ്യാറുണ്ടായിരുന്നു. ആഭ്യന്തര, വിദേശ യാത്രകളില്‍ ചാരന്‍മാര്‍ കുടുംബാംഗങ്ങളെ പിന്തുടരാറുണ്ടായിരുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു. ആരെയൊക്കെയാണ് ഇവര്‍ കാണുന്നതെന്നും എന്താണ് ഇവരുടെ സംഭാഷണത്തില്‍ ഉയരുന്നതെന്നും ഏജന്‍സികള്‍ അന്വേഷിച്ചിരുന്നു.
എന്നാല്‍ വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടിട്ടില്ല എന്ന വിശ്വാസത്തിന്റെ പുറത്താണ് അന്നത്തെ സര്‍ക്കാര്‍ നിരീക്ഷണം തുടര്‍ന്നിരുന്നതെന്നാണ് വിവരം. നെഹ്രുവിന്റെ കാലശേഷവും രണ്ടുവര്‍ഷത്തേക്ക് നിരീക്ഷണം തുടര്‍ന്നിരുന്നതായാണ് രേഖകള്‍. 1964 മേയ് 27നാണ് നെഹ്റു മരിച്ചത്. രഹസ്യ രേഖ പുറത്തു വന്നതിനു പിന്നാലെ നേതാജിയുടെ കുടുംബങ്ങളും ബിജെപിയും അന്ന് നെഹ്രു സ്വീകരിച്ച നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
നേതാജി കൊല്ലപ്പെട്ടിരുന്നോയെന്ന് സര്‍ക്കാരിനു ഉറപ്പില്ലാത്തതാകാം ഇത്തരമൊരു നീക്കത്തിനു പിന്നിലെന്നു കരുതുന്നതായി ബിജെപി നേതാവ് എം.ജെ. അക്ബര്‍ പറഞ്ഞു. 1957ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കാന്‍ കെല്‍പ്പുള്ള ഏക നേതാവ് ബോസ് മാത്രമായിരുന്നു. ബോസ് ജീവിച്ചിരിപ്പുണ്ടെങ്കില്‍ തിരിച്ചെത്തുമോ എന്ന സംശയമാകണം ചാര പ്രവര്‍ത്തനത്തിനു കാരണമെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
അതേസമയം, ചാരവൃത്തിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബോസിന്റെ ബന്ധു ചന്ദ്രകുമാര്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയപരമായി ഇരു ധ്രുവങ്ങളിലായിരുന്നെങ്കിലും കുടുംബാംഗങ്ങളെ നിരീക്ഷിക്കാന്‍ നെഹ്റു ഉത്തരവിടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ചന്ദ്രകുമാര്‍ പറഞ്ഞു.