സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയെ നിയമിച്ചതില്‍ വിദ്യാര്‍ഥികള്‍ക്ക് കടുത്ത അതൃപ്തി. തീവ്ര ഹിന്ദുത്വ ആശയങ്ങളുള്ള ഒരാളെ ഇത്രയും ശ്രേഷ്ഠമായ പദവിയില്‍ ഇരുത്തുന്നത് ശരിയല്ലെന്നാണ് ഭൂരിഭാഗം വിദ്യാര്‍ഥികളുടെയും അഭിപ്രായം. സുരേഷ് ഗോപിക്കുള്ള ബിജെപി ബന്ധവും വിദ്യാര്‍ഥികളെ അസംതൃപ്തരാക്കുന്നു. കലാകാരന്റെ സ്വാതന്ത്ര്യം, വൈവിധ്യം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന ഒരു മതേതരവാദിയെയാണ് സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചെയര്‍മാനായി നിയമിക്കേണ്ടത് എന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. എന്നാല്‍ വിദ്യാര്‍ഥികളുടെ അസംതൃപ്തി കേന്ദ്ര സര്‍ക്കാര്‍ കാര്യമായെടുക്കുന്നില്ല.
കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി സുരേഷ് ഗോപി ചുമതലയേറ്റത്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം. ശമ്പളമുള്ള ജോലിയല്ലെന്നും പൂര്‍ണമായും രാഷ്ട്രീയക്കാരനായി തുടരാന്‍ സാധിക്കുമെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ഉറപ്പ് നല്‍കിയ ശേഷമാണ് സുരേഷ് ഗോപി ചുമതല ഏറ്റെടുത്തത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂരില്‍ നിന്ന് മത്സരിക്കുന്നുണ്ട്.