ദൃശ്യങ്ങള്‍ കാണുന്ന വ്യക്തിക്ക് മറ്റ് ലാഭലക്ഷ്യങ്ങള്‍ ഉണ്ടെങ്കില്‍ പോക്‌സോ നിയമപ്രകാരം കുറ്റകൃത്യമാകുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റ്‌സ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധിപ്രസ്താവം. കുട്ടികളുടെ ആശ്ലീലവിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് പോക്‌സോ നിയമപ്രകാരവും ഐടി നിയമപ്രകാരവും കുറ്റകൃത്യമല്ലെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ വിധിച്ചിരുന്നു.
അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ മാത്രമെ കുറ്റകരമാകു എന്നതായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി. ഇതിനെ ചോദ്യം ചെയ്ത് ഒരു സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധിപ്രസ്താവം. മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി അശ്ലീല ദൃശ്യങ്ങള്‍ ലഭിച്ചാല്‍ അത് പോലീസിനെ അറിയിക്കാത്തത് കുറ്റകരമാണെന്നും വ്യക്തമാക്കി. ചൈല്‍ഡ് പോണോഗ്രഫി എന്ന പദത്തിന് പകരമായി ചൈല്‍ഡ് സെക്ഷ്യല്‍ ആന്‍ഡ് എക്‌സ്‌പ്ലോറ്റീവ് ആന്‍ഡ് അബ്യൂസിവ് മെറ്റീരിയല്‍ എന്ന പ്രയോഗം കൊണ്ട് വരാനും കേന്ദ്രത്തിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഇതിനായി ഉടന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.