മാഗിക്കു പിന്നാലെ സ്റ്റാര്‍ബക്സ് അടക്കം മൂന്നു പ്രമുഖ ബ്രാന്‍ഡുകള്‍ കരിമ്പട്ടികയില്‍
ബുധന്‍, 10 ജൂണ്‍ 2015 (13:30 IST)
മാഗിക്കു വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെ സ്റ്റാര്‍ബക്സ് അടക്കം മൂന്നു പ്രമുഖ ബ്രാന്‍ഡുകളുടെ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. കെല്ലോഗ്സ്, വെങ്കി എന്നീ കമ്പനികളുടെ ഭക്ഷ്യോത്പന്നങ്ങളാണ് സ്റ്റാര്‍ബക്സിനൊപ്പം കരിമ്പട്ടികയില്‍ പെടുത്തിയത്. ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണു തീരുമാനം.
സ്റ്റാര്‍ബക്സിന്‍റെ ചോക്ളേറ്റിലും സിറപ്പുകളിലും കഫീന്‍, ഇരുമ്പ് എന്നിവയുടെ അളവ് അനുവദനീയമായതിലും കൂടുതലാണെന്നു കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ പരിശോധനയില്‍ കണ്ടെത്തി. സമാനമായ സാഹചരുത്തില്‍ മറ്റ് കമ്പനികളുടെ ഉത്പന്നങ്ങളിലും പലതിന്റെ അളവ് അനുവദനീയമായതിലും കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ ഇവയുടെ വില്‍പ്പന നിരീക്ഷിക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി.
സാംപിൾ പരിശോധനയിൽ അനുവദനീയമായതിലും കൂടുതൽ രാസപദാർഥങ്ങളുടെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് മാഗിക്കു കേന്ദ്രസർക്കാർ നിരോധനമേർപ്പെടുത്തിയത്. ഇതേത്തുടർന്ന് ഇന്ത്യൻ വിപണിയിൽ നിന്ന് നെസ്‍ലെ ഉൽപ്പന്നങ്ങൾ പിൻവലിച്ചു.