ശ്രീശാന്തിനെ മണിച്ചിത്രത്താഴിട്ട് പൂട്ടാന്‍ ഡല്‍ഹി പൊലീസ്

Webdunia
വ്യാഴം, 20 ഓഗസ്റ്റ് 2015 (17:03 IST)
ഐപി‌എല്‍ വാതുവയ്പ്പ് കേസില്‍ കുറ്റപത്രം റദ്ദാക്കിയ വിചാരണക്കോടതിയുടെ വിധി തിരിച്ചടൊയായതിനു പിന്നാലെ താരത്തിനെ കുടുക്കാന്‍ പുതിയ കുരുക്കുകളുമായി ഡല്‍ഹിപൊലീസ് രംഗത്ത്. ശ്രീശാന്ത്, അങ്കിത് ചവാൻ, അജിത് ചാന്ദില എന്നിവർ വാതുവയ്പ്പുകാരുമായി സംസാരിക്കുന്നതിന്റെ ഓഡിയോ ടേപ്പുകൾ ഡല്‍ഹി പൊലീസിന്റെ കൈവശമുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്.

അതിനിടെ ചാന്ദിലയും വാതുവയ്പ്പുകാരനും തമ്മിലുള്ള സംഭാഷണം ഒരു ദേശീയ ചാനൽ പുറത്തുവിടുകയും ചെയ്തു. 2013 മെയ് 16നാണ് ശ്രീശാന്ത് ഉള്‍പ്പെടെ താരങ്ങള്‍ വാതുവയ്പ്പ് കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമമായ മക്കോക്കയിലെ മൂന്ന്, നാല് വകുപ്പുകളും ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളുമാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരുന്നത്.

എന്നാൽ പൊലീസ് സമര്‍പ്പിച്ച 6,000 പേജുവരുന്ന കുറ്റപത്രം പട്യാല ഹൗസ് കോടതി തള്ളി കേസ് റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഡൽഹി പൊലീസ് . പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്നും അതിനാൽ അപ്പീൽ പോകുമെന്നും ഡൽഹി പൊലീസ് അറിയിച്ചു. വാതുവയ്പ്പുകാരുമായി കളിക്കാർക്കുള്ള ബന്ധം തെളിയിക്കാനായില്ലെന്ന കോടതിയുടെ വാദം ഡൽഹി പൊലീസ് തള്ളി.