മോഡിയില്‍ നിന്ന് സുഷമയും കുടുംബവും പണം വാങ്ങി: രാഹുൽ ഗാന്ധി

വെള്ളി, 7 ഓഗസ്റ്റ് 2015 (11:48 IST)
മുന്‍ ഐപിഎല്‍ കമ്മീഷ്‌ണര്‍ ലളിത് മോഡിയെ വഴിവിട്ട് സഹായിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെതിരേ ആക്രമണം ശക്തമാക്കി കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. വളരെ രഹസ്യമായാണ് സുഷമ മോഡിയെ സഹായിച്ചത്. ഇതിന് പ്രതിഫലമായി സുഷമയും ഭര്‍ത്താവും കുടുംബവും മോഡിയില്‍ നിന്ന് എത്ര രൂപ വാങ്ങിയെന്ന് വ്യക്തമാക്കണമെന്നും മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെ രാഹുൽ ആവശ്യപ്പെട്ടു.

സുഷമ മോഡിയെ സഹായിച്ചത് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പോലും സംഭവം അറിഞ്ഞില്ല. അത്രയ്‌ക്കും രഹസ്യമായിട്ടായിരുന്നു നീക്കങ്ങള്‍ നടന്നത്. യാത്രാ രേഖകൾ ശരിയാക്കി നൽകിയതിന് പകരമായി സുഷമ പാരിതോഷികം നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

പാര്‍ലമെന്റില്‍ സുഷമ നാടകീയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച് നാടകം കളിക്കുകയാണെന്നും അതിനു അവര്‍ മിടുക്കിയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ആരോപിച്ചു. 25 എംപിമാരെ സസ്പെന്‍ഡ് ചെയ്ത സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് രാവിലെ 10.30 മുതല്‍ 11 വരെ പാര്‍ലമെന്റ് കവാടത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി. എംപിമാരുടെ സസ്പെന്‍ഷന്‍ കാലാവധി ഇന്നു അവസാനിക്കും.

വെബ്ദുനിയ വായിക്കുക