‘ഇന്ത്യാക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നാല്‍ കര്‍ശന നടപടി, തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കില്ല’; ഫേസ്ബുക്കിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ബുധന്‍, 21 മാര്‍ച്ച് 2018 (15:12 IST)
ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ ഫേസ്ബുക്കിന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കേന്ദ്ര സർക്കാർ ഫേസ്ബുക്കിനു മുന്നറിയിപ്പു നൽകി.
ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നതില്‍ എന്തെങ്കിലും തെളിവ് ലഭിച്ചാല്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് വ്യക്തമാക്കി. പൊതു തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേംബ്രിഡ്ജ് അനലിറ്റിക്കയെന്ന കമ്പനിയാണ് യുപിഎക്ക് വേണ്ടി ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു
വിവരങ്ങൾ ചോർത്തി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന കേംബ്രിജ് അനലിറ്റിക്ക എന്ന കമ്പനിയുമായി കോൺഗ്രസിന് ബന്ധമുണ്ടോ എന്ന് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കണം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിവാദ കമ്പനിയെ കോൺഗ്രസ് സമീപിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.