സഖ്യമില്ലെങ്കില്‍ പിന്തുണയുമില്ല, നിലപാട് കടുപ്പിച്ച് ശിവസേന

ശനി, 1 നവം‌ബര്‍ 2014 (16:29 IST)
വരുന്ന പതിനഞ്ചിനകം സഖ്യം സംബന്ധിച്ച് തീരുമാനമായില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കുമെന്നും വിശ്വാസവൊട്ടെടുപ്പ് വേളയില്‍ എതിര്‍ത്ത് വോട്ട് ചെയ്യുമെന്നും ശിവസേന ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി. ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാരിന്‌ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു അനുവദിച്ചിട്ടുള്ളത് 15 ദിവസത്തെ സാവകാശമാണ്. ഈ കാലാവധി ഈ മാസം 15 ന് അവസാനിക്കും.

അതിനുള്ളില്‍ സഖ്യത്തേക്കുറിച്ച് തീരുമാനമെടുക്കണമെന്നാണ് സേന ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിസഭയില്‍ രണ്ടിലൊന്ന് പ്രാതിനിധ്യമാണ് സേന ആവശ്യപ്പെട്ടിരിക്കുന്ന നിബന്ധന. എന്നാല്‍ ഇതിനോട് ബിജെപിക്ക് യോജിപ്പില്ല. മുഖ്യമന്ത്രി ഉള്‍പ്പടെ 10 മന്ത്രിമാര്‍ മാത്രമാണ് മഹാരാഷ്ട്രയില്‍ അധികാരമേറ്റത്.  സഖ്യത്തിന് ബിജെപിയുടെ സുരക്ഷിത മാര്‍ഗം ശിവസേനയാണ്. എന്നാല്‍ സേനയുടെ മുന്നില്‍ നീരുപാധി പിന്തുണ എന്ന ഉപാധിയാണ് ബിജെപി വച്ചിരിക്കുന്നത്.

സഖ്യ കക്ഷി ഉള്‍പ്പെടെ 122 സീറ്റുകളാണ് ബിജെപിക്കുള്ളത്. ബഹുജന്‍ വികാസ് അകാഡിയും സ്വതന്ത്രരുമുള്‍പ്പടെ 135 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് ബിജെപി അവകാശപ്പെടുന്നു. എന്നാല്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 145 സീറ്റുകളാണ്. പത്ത് സീറ്റുകളുടെ പിന്തുണകൂടി കേവല ഭൂരിപക്ഷത്തിന്‍ ആവശ്യമാണ്. ശിവസേന നിലപാടില്‍ അയവു വരുത്തിയില്ലെങ്കില്‍ പുറമേ നിന്ന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുള്ള എന്‍സിപിയുടെ സഹായത്തോടെ ഭരിക്കാനായിരിക്കും ബിജെപിയുടെ തീരുമാനം.

അതേസമയം സേന വഴങ്ങുമെന്ന് തന്നെയാണ് ബിജെപി കരുതുന്നത്. അല്ലെങ്കില്‍ മുംബൈ കോര്‍പ്പറേഷന്‍ ഭരണം സേനയ്ക്ക് നഷ്ടപ്പെടുമെന്നതാണ് കാരണം. അല്ലെങ്കില്‍ ശിവസേനയെ പിളര്‍ത്തി ദുര്‍ബലപ്പെടുത്താനും ബിജെപി ശ്രമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക