Sitaram Yechury: വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ നേതാവാണ് സീതാറാം യെച്ചൂരി. പഠനത്തില്‍ മികവ് പുലര്‍ത്തുമ്പോഴും വിദ്യാര്‍ഥി രാഷ്ട്രീയത്തെ മുറുകെ പിടിച്ചാണ് യെച്ചൂരി തന്റെ ക്യാംപസ് ജീവിതത്തെ മുന്നോട്ടു കൊണ്ടുപോയത്. സാക്ഷാല്‍ ഇന്ദിര ഗാന്ധിയെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ (ജെഎന്‍യു) ചാന്‍സലര്‍ സ്ഥാനത്തു നിന്ന് തെറിപ്പിച്ച വിദ്യാര്‍ഥി നേതാവില്‍ നിന്ന് സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള യെച്ചൂരിയുടെ വളര്‍ച്ച സംഭവബഹുലമായിരുന്നു.
അടിയന്തരാവസ്ഥ കാലത്താണ് യെച്ചൂരി ഇന്ദിര ഗാന്ധിക്കെതിരായ പ്രതിഷേധ സമരങ്ങളുടെ മുന്‍നിര പോരാളിയായത്. 1977 ഒക്ടോബറില്‍ ഒരു കൂട്ടം വിദ്യാര്‍ഥികളെ അണിനിരത്തി ഇന്ദിര ഗാന്ധിയുടെ വീട്ടിലേക്ക് യെച്ചൂരി സമരം നയിച്ചു. ഇന്ദിര ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ വിദ്യാര്‍ഥികളുടെ പഠനത്തേയും ഹോസ്റ്റല്‍ ജീവിതത്തേയും പ്രതികൂലമായി ബാധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രധാനമന്ത്രിയും സര്‍വകലാശാല ചാന്‍സലറുമായ ഇന്ദിരയുടെ വീട്ടിലേക്ക് പ്രതിഷേധ സമരം നടത്താന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചത്.
വിദ്യാര്‍ഥികളെ ഇന്ദിരയുടെ വസതിയിലേക്ക് കടത്തിവിടില്ലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആദ്യം തീരുമാനിച്ചത്. ഇന്ദിരയെ കാണാതെ ഒരടി പിന്നോട്ടില്ലെന്ന തീരുമാനത്തിലായിരുന്നു സമരനായകന്‍ യെച്ചൂരിയും മറ്റു വിദ്യാര്‍ഥികളും. ഒടുവില്‍ അഞ്ച് പേരടങ്ങുന്ന പ്രതിനിധി സംഘത്തെ മാത്രം അകത്തേക്ക് കയറ്റാമെന്നായി. എന്നാല്‍ അത് പറ്റില്ലെന്നും എല്ലാ വിദ്യാര്‍ഥികളേയും അകത്തേക്ക് പ്രവേശിപ്പിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ വിദ്യാര്‍ഥികള്‍ ഇന്ദിരയുടെ വസതിയിലേക്ക് കയറി. വിദ്യാര്‍ഥികളുടെ അടുത്തേക്ക് എത്തിയ ഇന്ദിര എന്താണ് അവരുടെ ആവശ്യമെന്ന് ചോദിച്ചു. ഇന്ദിരയെ നിശബ്ദയാക്കി നിര്‍ത്തി വിദ്യാര്‍ഥികള്‍ ചേര്‍ന്നു തയ്യാറാക്കിയ മെമ്മോറാണ്ടം യെച്ചൂരി വായിച്ചു. മെമ്മോറാണ്ടം വായിച്ചു തീരുന്നതുവരെ ഇന്ദിര അവിടെ നിന്നു. മെമ്മോറാണ്ടത്തിന്റെ അവസാനം ഇന്ദിര ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്നും അതാണ് വിദ്യാര്‍ഥികളായ തങ്ങളുടെ ആവശ്യമെന്നും യെച്ചൂരി ഉറപ്പിച്ചു പറഞ്ഞു. ഒടുവില്‍ വിദ്യാര്‍ഥി സമരത്തിനു മുന്നില്‍ തലകുനിച്ച് ഇന്ദിര ജെഎന്‍യു ചാന്‍സലര്‍ പദവി ഒഴിഞ്ഞു.
ഇന്ദിരയുടെ അടുത്ത് നിന്ന് യെച്ചൂരി മെമ്മോറാണ്ടം വായിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ ഇന്നും സോഷ്യല്‍ മീഡിയയില്‍ ലഭ്യമാണ്. ഇന്ദിരയ്ക്കു മുന്നില്‍ നിന്ന് തുടങ്ങിയ സമരജീവിതം സംഘപരിവാര്‍ നേതൃത്വം നല്‍കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനു നേരെ പലവട്ടം വിരല്‍ചൂണ്ടിയ ഇടതുപക്ഷത്തിന്റെ കരുത്തനായ പോരാളിയിലേക്ക് യെച്ചൂരിയെ എത്തിച്ചു.