ശിവസേനയുടെ പ്രതിഷേധം വിലപ്പോയില്ല; കസൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു

തിങ്കള്‍, 12 ഒക്‌ടോബര്‍ 2015 (19:04 IST)
ശിവസേനയുടെ പ്രതിഷേധം വിലപ്പോയില്ല. പാകിസ്ഥാന്‍ മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് കസുരിയുടെ പുസ്തകം മുംബൈയില്‍ പ്രകാശനം ചെയ്തു. കനത്ത പൊലീസ് കാവലിലായിരുന്നു ചടങ്ങ് നടന്നത്. നെഹ്‌റു സെന്ററില്‍ നടന്ന ചടങ്ങില്‍ വെച്ചായിരുന്നു പുസ്തകപ്രകാശനം.
 
ഇതിനിടെ, പുസ്തകം പ്രകാശനം ചെയ്യുന്നതിലുള്ള പ്രതിഷേധം സംബന്ധിച്ച് ശിവസേന രണ്ടുതട്ടില്‍. പ്രതിഷേധസമരം അവസാനിപ്പിച്ചതായി ഉദ്ദവ് താക്കറെ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, സേന നേതാവ് സഞ്ജയ് റാവത്ത് ഇക്കാര്യം നിഷേധിച്ചിരുന്നു.
 
സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മുഖത്ത് കരി ഓയില്‍ ഒഴിച്ചത് ഒരു ചെറിയ സമര രീതിയാണ്. കസൂരിയുടെ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് എഴുതുമെന്നും റാവത്ത് പറഞ്ഞു. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രതിഷേധം പിന്‍വലിച്ചെന്നായിരുന്നു വാര്‍ത്തകള്‍. 
 
കസൂരിയോടുള്ള പ്രതിഷേധ സമരത്തിന്റെ ഭാഗമായി, പുസ്തക പ്രകാശന ചടങ്ങിന്റെ സംഘാടകനും മുന്‍ ബി ജെ പി നേതാവും ചിന്തകനുമായ സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മുഖത്ത് ശിവസേന പ്രവര്‍ത്തകര്‍ ഇന്നു രാവിലെ കരി ഓയില്‍ ഒഴിച്ചിരുന്നു.
 
കസൂരിയുടെ 'നീദര്‍ എ ഹോക്ക് നോര്‍ എ ഡേവ്: ആന്‍ ഇന്‍സൈഡേഴ്‌സ് അക്കൗണ്ട് ഓഫ് പാകിസ്ഥാന്‍സ് ഫോറിന്‍ പോളിസി' എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് മുംബൈയില്‍ നടന്നത്.

വെബ്ദുനിയ വായിക്കുക