പിറന്നാളിന് ധരിക്കുന്ന വസ്ത്രം വ്യത്യസ്തതയുള്ളതാവണമെന്നും ആരുടേയും ശ്രദ്ധ പിടിച്ചു പറ്റാനും കഴിയുന്നതാകണമെന്നും കരുതാത്തത് ആരും തന്നെയില്ല. എന്നാല്‍ മുംബൈക്കാരനായ സ്വര്‍ണ്ണവ്യാപാരി തന്റെ പിറന്നാളാഘോഷിക്കാന്‍ ഉടുപ്പ് തയ്പ്പിച്ചത് വ്യത്യസ്തതകള്‍ പോലും നാണിച്ചുപോകുന്ന തരത്തിലായിപ്പോയി.
മുംബൈക്കാരന്‍ പങ്കജ് പരഖിന്റെ ഷര്‍ട്ടാണ് അല്‍പ്പം കടന്ന കൈയ്യായിപ്പോയത്. കാരണമെന്താണന്നല്ലെ. ഇദ്ദേഹം ധരിച്ച ഷര്‍ട്ടിന്റ്റെ വിലതന്നെ കാരണം. 1.30 കോടി രൂപ വിലവരുന്ന ഷര്‍ട്ടാണ് ഇദ്ദേഹം തുന്നിച്ചിരിക്കുന്നത്. അതും പത്തരമാറ്റ് തനി തങ്കത്തില്‍. മൂക്കത്ത് വിരല്‍ വയ്ക്കുന്നതിന് മുമ്പ് കേട്ടോളു. വെറുതെ ഷൈന്‍ ചെയ്യുന്നതിനായാല്ല ഇദ്ദേഹം ഷര്‍ട്ട് തുന്നിച്ചത്. അത് ധരിച്ച് ഗിന്നസ് റെക്കൊര്‍ഡിന്റെ പടികകള്‍ കയറുന്നതിനായാണ്.
നാലു കിലോ തൂക്കം വരുന്ന പൂര്‍ണ്ണമായും പത്തരമാറ്റ് തങ്കത്തില്‍ തീര്‍ത്തതാണ് ഷര്‍ട്ട്. ഷര്‍ട്ടിന്റെ ഏഴ് ബട്ടനുകളും സ്വര്‍ണ്ണം കൊണ്ടുള്ളതാണ്. മുംബൈയിലെ പാരെലില്‍ ഉള്ള ശാന്തി ജ്വല്ലേഴ്‌സിലെ 20 തെരഞ്ഞെടുക്കപ്പെട്ട പണിക്കാര്‍ രണ്ടു മാസം കൊണ്ടായിരുന്നു സ്വര്‍ണ്ണ ഷര്‍ട്ട് തുന്നിയെടുത്തത്. 18-22 കാരറ്റ് തങ്കം ഉപയോഗിച്ചാണ് ഷര്‍ട്ട് നിര്‍മ്മിച്ചതെന്നും മറ്റൊരു ലോഹവും ഇതിലില്ലെന്നും പങ്കജ് പറയുന്നു.
സ്‌കൂളില്‍ വെച്ച് തന്നെ പഠനം അവസാനിപ്പിച്ച് ബിസിനസിലേക്ക് തിരിഞ്ഞ പങ്കജ് ഇപ്പോള്‍ മഹാരാഷ്ട്രയിലെ അറിയപ്പെടുന്ന വസ്ത്രവ്യാപാരിയാണ്. അതേസമയം മഹാരാഷ്‌ട്ര ടൂറിസം മന്ത്രി ചഗന്‍ ഭുജ്‌ബാല്‍ ഉള്‍പ്പെടെ രാഷ്‌ട്രീയത്തിലെയും വിനോദമേഖലയിലെയും ഉന്നതരും വിവിധ പാര്‍ട്ടിയിലെ പ്രമുഖരും പങ്കെടുക്കുന്ന വെള്ളിയാഴ്‌ച നടക്കുന്ന തന്റെ നാല്‍പ്പത്തി അഞ്ചാം ജന്മദിനത്തില്‍ ഈ ഷര്‍ട്ട് പങ്കജ് അണിയാനാണ് തയ്യാറെടുക്കുന്നത്.