വീണ്ടും കപ്പല്‍ മുങ്ങി, നാവികരെ അതിസാഹകിമായി രക്ഷപ്പെടുത്തി
മുംബയ് തീരത്ത് നിന്ന് 75 നോട്ടിക്കൽ മൈൽ അകലെ മുങ്ങിക്കൊണ്ടിരുന്ന കപ്പലിൽ നിന്ന് 14 നാവികരെ നാവികസേനയും തീരസംരക്ഷണ സേനയും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി. മുംബയിൽ നിന്ന് സിമന്റുമായി പോയ എം.വി കോസ്റ്റർ പ്രൈഡ് എന്ന കപ്പലാണ് ദമാൻ എന്ന സ്ഥലത്ത് വച്ച് മുങ്ങിയത്.
രാവിലെ ആറു മണിയോടെ അപായ സന്ദേശം ലഭിച്ചതുഇനെ തുടര്‍ന്ന് നാവികസേനയും തീര സംരക്ഷണ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി തിരിച്ചു. നാവികസേനയുടെ സീ കിങ് ഹെലികോപ്ടറും രണ്ട് ചേതക് കോപ്ടറുകളും രക്ഷാപ്രവർത്തനത്തിനായി ഉപയോഗിച്ചു. ഹെലികോപ്റ്ററുമായി തീരസംരക്ഷണ സേനയുമെത്തിയിരുന്നു.
കപ്പലില്‍ 14 പേരാണ്ഉണ്ടായിരുന്നത്. ആറു പേരെ തീരസംരക്ഷണ സേനയുടെ കോപ്ടർ രക്ഷപ്പെടുത്തി. അതിനിടെ കപ്പലിൽ വെള്ളം കയറാൻ തുടങ്ങി. ഇതോടെ ശേഷിക്കുന്നവർ കപ്പലിലുണ്ടായിരുന്ന ലൈഫ് ജാക്കറ്റുകൾ ധരിച്ച് കടലിലേക്ക് ചാടി. തുടർന്ന് അതിസാഹസികമായാണ് നാവികരെ രക്ഷപ്പെടുത്തിയത്. എല്ലാവരേയും രക്ഷപ്പെടുത്തി ഗുജറാത്തിലെ ഉമർഗാവിലെത്തിച്ചതായി അധികൃതർ പറഞ്ഞു. രണ്ടു ദിവസം മുന്പും സമാനമായ അപകടത്തിൽ നിന്ന് 20 നാവികരെ രക്ഷപ്പെടുത്തിയിരുന്നു.