ഹിന്ദു സ്ത്രീകൾ മിനിമം പത്തു കുട്ടികളെ എങ്കിലും പ്രസവിക്കണം, അവരെ നോക്കാൻ ദൈവമുണ്ട്: ആർ എസ് എസ് ആസ്ഥാനത്ത് നിന്നും സ്വാമിയുടെ ആഹ്വാനം

തിങ്കള്‍, 26 ഡിസം‌ബര്‍ 2016 (15:15 IST)
എല്ലാ ഹിന്ദു സ്ത്രീകളും കുറഞ്ഞത് പത്തു കുട്ടികളെ എങ്കിലും പ്രസവിക്കണമെന്ന് സ്വാമി വാസുദേവാനന്ദ് സരസ്വതി. ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന ആവശ്യവുമായി ആർ എസ് എസ് നേതാവ് മോഹന്‍ ഭാഗവത് രംഗത്തെത്തിയതിനു പിന്നാലെയാണ് സ്വാമിയിപ്പോൾ വിവാദപരാമർശവുമായി രംഗത്തെത്തിയത്. നാഗ്പൂരില്‍ ആർ എസ് എസ് സംഘടിപ്പിച്ച ത്രിദിന ധര്‍മ്മ സംസ്‌കൃതി മഹാകുംഭമേളയിലായിരുന്നു വാസുദേവാനന്ദിന്റെ ആഹ്വാനം. 
 
രണ്ടു കുട്ടികള്‍ മാത്രമെന്ന ശീലത്തെ തകര്‍ക്കണം. വിവാഹിതരായ ഓരോ ഹിന്ദു സ്ത്രീകളും പത്തുവീതം കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കണം. അവരെ ആര് വളര്‍ത്തുമെന്ന് ഓര്‍ത്ത് വിഷമിക്കേണ്ടെന്നും അവരുടെ കാര്യം ദൈവം നോക്കിക്കോളുമെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു. ഹിന്ദുക്കള്‍ക്ക് നേരെയുളള ആക്രമണത്തിന് കാരണം എണ്ണത്തിലുളള ഹിന്ദുക്കളുടെ കുറവാണെന്നും സ്വാമി പറഞ്ഞു.
 
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ആസം ഗവര്‍ണര്‍ ബന്‍വാര്‍ലിലാല്‍ പുരോഹിത്, വിഎച്ച്പി അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ, ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് എന്നിവരും സ്വാമിയുടെ വിവാദ പ്രസ്താവന നടത്തിയ വേദിയിലുണ്ടായിരുന്നു. പ്രസ്താവനയോട് മൗനം പാലിക്കുകയായിരുന്നു ആർ എസ് എസ് നേതാക്കൾ. മോഹൻ ഭാഗവതരുടെ പ്രസ്താവനെ അനുകൂലിച്ച് സ്വാമി വാസുദേവ് രംഗത്തെത്തിയതോടെ പലരും ഇദ്ദേഹത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക