ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയ്ക്ക് നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് നോട്ടീസ്. സേവന നികുതി അടച്ചില്ലെന്ന പരാതിയാണ് താരത്തിനെതിരെയുള്ളത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സേവന നികുതി വിഭാഗം പ്രിൻസിപ്പൽകമ്മീഷണർ നോട്ടീസ് നൽകിയത്.
തെലങ്കാന സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി നിയമിതയായതിന് പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപയ്ക്ക് നികുതി അടച്ചില്ലെന്നാണ് നോട്ടിസിൽ വ്യക്തമാക്കുന്നുണ്ട്. ഈ മാസം 16ന് മുമ്പ് സാനിയയോ സാനിയ ചുമതലപ്പെടുത്തുന്ന പ്രതിനിധിയോ ഹാജരാകണമെന്ന് നോട്ടീസിൽ പറയുന്നു. കൂടാതെ, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ വിദേശയാത്ര നടത്തുന്നതും വിലക്കിയിട്ടുണ്ട്.
പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപയുടെ 15% സേവന നികുതിയും അതിന്റെ പിഴയും അടക്കം 20 ലക്ഷം രൂപ സാനിയ അടക്കണമെന്നും നോട്ടിസിൽ പറയുന്നു. ബന്ധപ്പെട്ട രേഖകളുമായി ഹാജരായില്ലെങ്കിൽ താരത്തിനെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.