ഡൽഹി: ലഡാക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത സന്ദർശനത്തിന് പിന്നാലെ അതിർത്തിയിൽ സുരക്ഷയും നിരീക്ഷണവും വർധിപ്പിച്ച് ഇന്ത്യൻ സേന. ലഡാക്കിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ ചൈനയിൽ വലിയ ചർച്ചയായി മാറിയിരുന്നു. അതിനാൽ ചൈനീസ് സേനയിൽനിന്നുമുള്ള പ്രകോപനം ഉണ്ടായേക്കാം എന്നതിനാലാണ് സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയത്. 
 
									
				
	 
	അതേസമയം ഗൽവാൻ ഹോട്‌സ്പ്രിങ് ഉൾപ്പടെ നാലിടങ്ങളിൽനിന്നും ചൈനീസ് സേന ഏതാനും വാഹനങ്ങൾ പിന്നോട്ടുനീക്കിയതായി സേനാ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഈ നീക്കത്തെ ഇന്ത്യ വിശ്വാസത്തിലെടുക്കില്ല. ഇത്തരത്തിൽ മുൻപ് പല തവണയും ചൈന വാഹനങ്ങൾ പിന്നോട്ടു നീക്കിയിരുന്നെങ്കിലും ഏതാനും ദിവസങ്ങൾക്ക് ശേഷം വീണ്ടും മുന്നോട്ടുതന്നെ വന്ന് പ്രകോപനം സൃഷ്ടിച്ചിരുന്നു. 
 
									
				
	 
	ഇത്തരം നീക്കങ്ങളിൽ ചൈനയെ വിശ്വാസത്തിൽ എടുക്കില്ല എന്നുതന്നെയാണ് സേനയുടെ നിലപാട്. വലിയ നിലയിൽ സൈനിക പിൻമാറ്റം നടത്തിയാൽ മാത്രമേ ധാരണകൾ ചൈന പാലിയ്ക്കുന്നതായി കണക്കാക്കാനാകു. ഇനിയൊരിയ്ക്കലും ചൈനയെ വിശ്വാസത്തിലെടുക്കാൻ സേന തയ്യാറാവില്ല. പാംഗോങ് താഴ്‌വരയിലെ നാലാം മലനിരയിൽനിന്നും പിന്നോട്ടുപോകാൻ ചൈനീസ് സേന ഇതുവരെ തയ്യാറായിട്ടില്ല.