രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 29 പേരുമായി ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ കാണാതായ എഎന്‍ 32 വ്യോമസേനാ വിമാനത്തിനു വേണ്ടിയുള്ള തിരച്ചില്‍ കടലിനടിയിലേക്കും വ്യാപിപ്പിക്കാന്‍ ആലോചന. ജലോപരിതലത്തില്‍ നടത്തിയ അന്വേഷണം വിഫലമായ സാഹചര്യത്തിലാണ് കടലിനടിയിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് തീര സംരക്ഷണ സേന കിഴക്കന്‍ കമാന്‍ഡര്‍ ഐജി രാജന്‍ ബര്‍ഗോത്ര പറഞ്ഞു.
വിമാനത്തിന്റെ എമര്‍ജന്‍സി ലൊക്കേറ്റര് ട്രാന്‍സ്മിറ്ററില്‍ (ഇഎല്‍ടി) നിന്നുള്ള സന്ദേശങ്ങള്‍ ലഭിക്കാത്തതാണു രക്ഷാപ്രവര്‍ത്തകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. സാധാരണ ഗതിയില്‍ അപകടമുണ്ടാകുമ്പോള്‍ ഇഎല്‍ടി പ്രവര്‍ത്തിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്യും. ഇത് വിമാനം എവിടെയാണെന്ന് കണ്ടെത്താന്‍ സഹായിക്കും.
കടലില്‍ രണ്ടുലക്ഷം ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ ആകാശമാര്‍ഗവും 23,000 ചതുരശ്ര കിലോമീറ്ററില്‍ കപ്പല്‍ മാര്‍ഗവുമാണു തിരയുന്നത്. ചെന്നൈയില്‍ നിന്നു പോര്‍ട്‌ബ്ലെയറിലേക്കുള്ള വിമാന പാതയ്ക്കു താഴെയായുള്ള കടലിന്റെ ഉപരിതലത്തിലാണു 18 വിമാനങ്ങളും 17 കപ്പലുകളും ചേര്‍ന്നുള്ള തിരച്ചില്‍.