ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗ നിര്‍ണയം നടത്തുന്നവര്‍ക്കെതിരെ ഇനി മധ്യപ്രദേശില്‍ ദേശസുരക്ഷാ നിയമപ്രകാരം (നാഷണല്‍ സെക്യൂരിറ്റി ആക്‌റ്റ്) കേസെടുക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. ലിംഗനിര്‍ണയം നടത്തുന്ന സോണോഗ്രാഫി സെന്ററുകള്‍ക്കെതിരെ നടപടി ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ തീരുമാനം.
സംസ്‌ഥാന ആരോഗ്യമന്ത്രി നരോതാം മിശ്രയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. നിലവില്‍ ഇന്ത്യയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണ്ണയം നിയമ വിരുദ്ധമാണ്. എന്നാല്‍ ഈ കേസില്‍ പിടിക്കപ്പെട്ടാല്‍ അഞ്ച് വര്‍ഷം വരെ മാത്രമേ ശിക്ഷ ലഭിക്കു.
ഇത് കാരണം പല സംസ്‌ഥാനങ്ങളിലും ഇപ്പോഴും ലിംഗനിര്‍ണയ പരിശോധന വ്യാപകമാണ്. എന്നാല്‍ ദേശസുരക്ഷാ നിയമപ്രകാരം എടുക്കുന്ന കേസുകളില്‍ ആരോപണ വിധേയരെ വിചാരണ കൂടാതെ ഒരു വര്‍ഷം വരെ തടവില്‍ പാര്‍പ്പിക്കാനും കുറ്റം തെളിയിക്കപ്പെട്ടാല്‍ ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിക്കാനും വകുപ്പുണ്ട്.
ഇത്തരത്തില്‍ നടപടിയെടുത്താല്‍ ലിംഗ നിര്‍ണ്ണയം നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ കരുതുന്നത്. ലിംഗനിര്‍ണയ പരിശോധന നടത്തുന്ന ഡോക്‌ടര്‍മാര്‍ക്കെതിരെയും സ്‌ഥാപനങ്ങള്‍ക്കെതിരെയും നടപടി ശക്‌തമാക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചുറച്ചിരിക്കുകയാണ്.