ശശികല അണ്ണാ ഡിഎംകെ ജന സെക്രട്ടറി ആയേക്കും; പാര്‍ട്ടിക്ക് ഇപ്പോള്‍ ചിഹ്‌നം മാത്രമെ ഉള്ളുവെന്ന് പ്രവര്‍ത്തര്‍ - ചെന്നൈയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

ബുധന്‍, 7 ഡിസം‌ബര്‍ 2016 (14:42 IST)
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിത അന്തരിച്ചതിനെത്തുടര്‍ന്ന് തമിഴ് രാഷ്‌ട്രീയത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങുന്നു. ജയലളിതയുടെ തോഴിയും പാര്‍ട്ടിയിലെ ശക്തി കേന്ദ്രവുമായ ശശികല നടരാജന്‍ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി സ്‌ഥാനത്തേക്കു വരുമെന്നാണ് തമിഴ്‌നാട്ടില്‍ നിന്നു ലഭിക്കുന്ന സൂചന.

മുഖ്യമന്ത്രി പനീര്‍ സെല്‍‌വത്തെ മുന്നിൽ നിർത്തി ഭരണം നിയന്ത്രിക്കുക എന്നതാണ് ശശികല ലക്ഷ്യമാക്കുന്നതെന്നാണ് ചില ദേശീയ മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജയലളിത മൽസരിച്ച ആർകെ നഗറിൽ നിന്ന് ഉപതെരഞ്ഞെടുപ്പിനെ നേരിടുന്ന കാര്യവും ശശികല ആലോചിക്കുന്നുണ്ട്.

ജയലളിതയുടെ അടുപ്പക്കാരിയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥയുമായ ഷീല ബാലകൃഷ്‌ണനെ കൂടെ നിര്‍ത്തി ഭരണം നിയന്ത്രിക്കുക എന്നതാണ് ശശികല ലക്ഷ്യമാക്കുന്നത്. മലയാളിയായ ഷീല ബാലകൃഷ്‌ണനായിരുന്നു ജയലളിത ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ ഭരണം നിയന്ത്രിച്ചിരുന്നത്. അണ്ണാ ഡിഎംകെ പാര്‍ട്ടിക്ക് ഇപ്പോള്‍ ചിഹ്‌നം മാത്രമെ ഉള്ളുവെന്ന് മുന്നില്‍ നിന്ന് നയിക്കാന്‍ ആരും ഇല്ലെന്നും ഇപ്പോള്‍ പാര്‍ട്ടിയില്‍ തന്നെ സംസാരമുണ്ട്.

അതേസമയം,  ജയലളിത അന്തരിച്ച സമയത്ത് ബള്‍ഗേറിയയില്‍ സിനിമാ ഷൂട്ടിംഗിലായിരുന്നു നടന്‍ അജിത് ബുധനാഴ്ച പുലര്‍ച്ചെ ചെന്നൈയില്‍ എത്തിച്ചേര്‍ന്നു. ഇതോടെ തമിഴക രാഷ്ട്രീയം പുതിയ ഉണര്‍വ്വിലാണ്. ജയലളിതയുടെ യഥാര്‍ത്ഥ പിന്‍‌ഗാമിയായി എ ഐ എ ഡി എം കെ പ്രവര്‍ത്തകരും ജനങ്ങളും അജിത്തിനെ പ്രതീക്ഷിക്കുന്നുണ്ട്.

ജയലളിതയുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന അജിത് ശശികലയുടെയും ഏറ്റവും അടുത്ത സുഹൃത്താ‍ണ്. അജിത്തിനെ പിന്‍‌ഗാമിയാക്കി കൊണ്ടുവരണമെന്ന ആഗ്രഹം ശശികലയ്ക്കും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ പനീര്‍സെല്‍‌വത്തിനും അജിത്ത് ഏറെ പ്രിയപ്പെട്ടവനാണ്.

വെബ്ദുനിയ വായിക്കുക