'ഭാരത് മാതാ കീ ജയ്' വിളിക്കാതിരിക്കാനുള്ള അവകാശവും പൗരനുണ്ട്: ശശി തരൂർ

ചൊവ്വ, 22 മാര്‍ച്ച് 2016 (10:21 IST)
ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാതിരിക്കുവാനുള്ള സ്വാതന്ത്യവും ഒരു ഇന്ത്യൻ പൗരനുണ്ട് എന്ന് എം പി ശശി തരൂർ പറഞ്ഞു. ജെ എൻ യുവിൽ ദേശീയതയെകുറിച്ചുള്ള പ്രഭാഷണ പരമ്പരതയെക്കുറിച്ച് സംസാരിക്കവെയാണ് ഭാരത് മാതാ കീ ജയ് വിളിക്കാതിരിക്കുവാനുള്ള അവകാശം ഭരണഘടന പൗരനു നൽകുന്നുണ്ട് എന്ന് എം പി അറിയിച്ചത്.
 
ഭാരത് മാതാ കീ ജയ് വിളിക്കുമോ ഇല്ലയോ എന്ന് നോക്കി ഒരാളുടെ ദേശീയത അളക്കാൻ കഴിയില്ല എന്നും അദ്ദേഹം അവകാശപ്പെട്ടു. ഭഗത് സിങ് അവകാശങ്ങ‌ൾക്കുവേണ്ടി ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടിയെങ്കിൽ കനയ്യ കുമാർ തന്റെ വിശ്വാസങ്ങ‌ൾക്കുവേണ്ടി ജനാധിപത്യ നിലയിൽ പോരാടുകയാണ് എന്നും അദ്ദേഹം പ്രഭാഷണത്തിൽ അറിയിച്ചു.
 
അതേസമയം കനയ്യയെ ഭഗത് സിങിനോട് ഉപമിച്ചത് ശരിയായില്ലെന്നും അത് സ്വാതന്ത്ര്യസമര സേനാനികളോട് കാണിച്ച അവഹേളനയാണെന്നും ബി ജെ പി ആരോപിച്ചു. ജെ എൻ യു കാമ്പസിൽ ഉയർന്നുവന്നുവെന്ന് മാധ്യമങ്ങ‌ൾ പറയുന്ന മുദ്രാവാക്യങ്ങ‌ളോട് തനിക്ക് യോജിപ്പില്ലെന്നും എം പി അറിയിച്ചു.

വെബ്ദുനിയ വായിക്കുക