സംസ്കൃത പഠനം നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സംഘപരിവാര്‍ സമ്മര്‍ദ്ദം

വെള്ളി, 21 നവം‌ബര്‍ 2014 (13:26 IST)
കേന്ദ്രാധികാര പ്രാപ്തി കൈവന്നതോടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നടപ്പിലാക്കാനുള്ള തന്ത്രങ്ങള്‍ക്ക് സംഘപരിവാര്‍ സംഘടനകള്‍ രൂപം നല്‍കുന്നതായി സൂചന. ഇതിന്റെ ആദ്യ പടിയായി രാജ്യത്ത് സംസ്കൃത പഠനം നിര്‍ബന്ധമാക്കാന്‍ സംഘപരിവാര്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് വിവരം. സിബിഎസ്ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ നിന്ന് വിദേശഭാഷകള്‍ ഒഴിവാക്കാനും പകരം സംസ്‌കൃതം പഠിപ്പിക്കാനും സംഘപരിവാര്‍ സംഘടനയായ സംസ്‌കൃത ഭാരതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

സംസ്കൃതത്തിന്റെ പുന:രുദ്ധാനം ലക്ഷ്യമിട്ട് സ്ഥാപിക്കപ്പെട്ട സംഘപരിവാര്‍ സംഘടനയാണ് സംസ്കൃത ഭാരതി. സംഘടനയുടെ നേതൃത്വത്തില്‍ രാജ്യത്ത് നിരവധി ജില്ലകളില്‍ സംസ്കൃത സംഭാഷണ ശിബിരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. മൃതഭാഷയായ സംസ്കൃതത്തെ ജീവഭാഷയാക്കി തിരികെ കൊണ്ടുവരികയാണ് ഇതിലൂടെ സംസ്കൃത ഭാരതി ഉദ്ധേശിക്കുന്നത്.

12-)ം ക്ലാസുവരെയെങ്കിലും സംസ്കൃത പഠനം നിര്‍ബന്ധമാക്കണമെന്നാണ് സംഘടന കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രീയ വിദ്യാലയങ്ങളിലെ മൂന്നാംഭാഷയായ ജര്‍മന് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം അടുത്തിടെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതില്‍ ആവേശം കൊണ്ടാണ് സംസ്‌കൃതഭാരതി പുതിയ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. സിബിഎസ്ഇ സ്‌കൂളുകളില്‍ ജര്‍മന്‍ പോലുള്ള വിദേശഭാഷകള്‍ക്ക് പകരം സംസ്‌കൃതം പഠിപ്പിക്കണമെന്നാണ് സംഘടന സര്‍ക്കാരിന് നല്‍കിയ നിവേദനത്തില്‍ പറയുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക