സാനിയയെ അവഗണിച്ചു, ബിബിസിയെ സ്മൃതി ഇറാനി മാപ്പുപറയിച്ചു
വിംബിള്‍ഡന്‍ ഡബിള്‍സില്‍ ജേതാവായ സാനിയ മിര്‍സയെ ഒഴിവാക്കിയ സംഭവത്തില്‍ ബിബിസി ന്യൂസിനെതിരെ പ്രതിഷേധം പുകയുന്നു. ലണ്ടനില്‍ നടന്ന വിംബിള്‍ഡന്‍ മത്സരത്തില്‍ വനിതാ ഡബിള്‍സ് വിഭാഗത്തില്‍ സ്വിസ് താരം മാര്‍ട്ടിനാ ഹിന്‍ഗിസിനൊപ്പം സാനിയ കിരീടമണിഞ്ഞതിന് പിന്നാലെ ബിബിസി നടത്തിയ ട്വീറ്റാണ് വിവാദമായത്.
വിംബിള്‍ഡന്‍ ഡബിള്‍സില്‍ ഹിന്‍ഗിസ് വിജയിച്ചുവെന്നായിരുന്നു മത്സരശേഷം ബിബിസി ട്വിറ്ററില്‍ ട്വീറ്റ് ചെയ്‌തത്. ട്വീറ്റ് ശ്രദ്ധയില്‍പെട്ട സ്‌മൃതി ഇറാനി 'എന്താ സാനിയ വിജയിച്ചില്ലേയെന്ന്' ബിബിസിയോട് മറുചോദ്യം ഉന്നയിച്ചു. ഇറാനിയുടെ മറുപടി ശ്രദ്ധയില്‍പെട്ടതോടെ തങ്ങള്‍ക്കുപറ്റിയ പിഴവില്‍ മാപ്പുപറഞ്ഞ ബിബിസി
'ഇന്ത്യയുടെ സാനിയ മിര്‍സ മാര്‍ട്ടിന ഹിന്‍ഗിസിനോടൊപ്പം വിംബിള്‍ഡണ്‍ ഡബിള്‍സില്‍ വിജയിച്ചു'എന്ന് വീട്ടും ട്വീറ്റ് ചെയ്‌തു. അതേസമയം ബിബിസി മനപ്പൂര്‍വം സാനിയയെ ഒഴിവാക്കിയതാണെന്നും വിവേചനമാണെന്നും ആക്ഷേപങ്ങള്‍ രൂക്ഷമാവുകയാണ്.