ജേയുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ടാണ് താന്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റതെന്ന് ഏലിയാമ്മ പറയുന്നു. പുലര്‍ച്ചെ 2.30 നാണ് അക്രമി എത്തിയത്. ഇരുനിറവും മെലിഞ്ഞ ശരീരവുമുള്ള യുവാവാണ് അക്രമിയെന്നും അപരിചിതനെ കണ്ടപ്പോള്‍ താന്‍ ഞെട്ടിയെന്നും ഏലിയാമ്മ പറഞ്ഞു. ഇയാള്‍ ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങളും തലയില്‍ തൊപ്പിയും ധരിച്ചിരുന്നു. മിണ്ടരുതെന്ന് ഭീഷണിപ്പെടുത്തിയ ഇയാള്‍ ഒരു കോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. അക്രമിയുടെ കൈയില്‍ വടിയും കത്തിയും ഉണ്ടായിരുന്നെന്നും ഏലിയാമ്മ പറഞ്ഞു.
ആക്രമണത്തില്‍ പരുക്കേറ്റ ഞാന്‍ ഉറക്കെ കരയുന്നതു കേട്ടാണ് സെയ്ഫ് അലി ഖാനെത്തിയത്. ആരാണെന്നും എന്താണ് വേണ്ടതെന്നും സെയ്ഫ് ചോദിച്ചപ്പോള്‍ ആക്രമിക്കുകയായിരുന്നു. കരീനയെയും ഉപദ്രവിക്കാന്‍ ശ്രമിച്ചു. ശബ്ദം കേട്ടുണര്‍ന്ന ജീവനക്കാരായ രമേഷ്, ഹരി, രാമു, പാസ്വാന്‍ എന്നിവര്‍ സഹായത്തിനെത്തിയപ്പോഴേക്കും വാതില്‍ തുറന്ന് അക്രമി രക്ഷപ്പെട്ടെന്നും ഏലിയാമ്മ മൊഴി നല്‍കി.
അതേസമയം അക്രമിയുടെ കുത്തേറ്റ സെയ്ഫ് അലി ഖാന്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. അക്രമി കത്തികൊണ്ട് ആറ് തവണയാണ് സെയ്ഫിനെ കുത്തിയത്. താരത്തെ ഇന്നലെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ശസ്ത്രക്രിയ വിജയകരമാണെന്നും ഏതാനും ദിവസങ്ങള്‍ താരത്തിനു പൂര്‍ണ വിശ്രമം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.