രോഹിത് വെമുലെയുടെ മരണം: സര്‍വ്വകലാശാല വിസി ദീര്‍ഘകാല അവധിയില്‍; രോഹിതിനെ പുറത്താക്കിയ സമിതിയുടെ അധ്യക്ഷന് വിസിയുടെ ചുമതല

തിങ്കള്‍, 25 ജനുവരി 2016 (10:18 IST)
ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലെയുടെ മരണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിപ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ ഹൈദരാബാദ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ വി സി അപ്പാറാവു അനിശ്ചിതകാല അവധിയില്‍ പ്രവേശിച്ചു. വി സിയുടെ ചുമതല താല്കാലികമായി പ്രൊ വി സി ബിപിന്‍ ശ്രീവാസ്തവയ്ക്കാണ്. രോഹിതിനെ പുറത്താക്കാന്‍ തീരുമാനമെടുത്ത സമിതിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം.
 
പ്രക്ഷോഭം നടത്തുന്ന സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ വി സിയുടെ രാജി വേണമെന്ന ആവശ്യത്തില്‍ ഉടച്ചു നിന്നതിനെ തുടര്‍ന്നാണ് അവധിയില്‍ പ്രവേശിക്കാന്‍ വി സി തീരുമാനിച്ചത്. അനിശ്ചിതകാല അവധിയില്‍ പ്രവേശിച്ച അദ്ദേഹം എത്രകാലത്തേക്കാണ് അവധി എടുത്തതെന്നും വ്യക്തമാക്കിയിട്ടില്ല.
 
സ്കൂള്‍ ഓഫ് ഫിസിക്സ് സീനിയര്‍ പ്രഫസറാണ് ശ്രീവാസ്തവ. അതേസമയം, 2008ല്‍ യൂണിവേഴ്സിറ്റിയില്‍ സെന്തില്‍കുമാര്‍ എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ആരോപണവിധേയനാണ് ശ്രീവാസ്തവയെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. 
 
അതേസമയം, വിദ്യാര്‍ത്ഥികളുടെ നിരാഹാരസമരം തുടരുകയാണ്. വി സിയുടെ രാജി, രോഹിതിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്‌ടപരിഹാരം, കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയുടെ അറസ്റ്റ്, നാലു വിദ്യാര്‍ഥികള്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കല്‍ എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍.

വെബ്ദുനിയ വായിക്കുക