വീണ്ടും ഗവേഷക വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; ഇത്തവണ രാജസ്ഥാന്‍ കേന്ദ്രസര്‍വ്വകലാശാലയില്‍

ശനി, 6 ഫെബ്രുവരി 2016 (13:53 IST)
രാജ്യത്ത് വീണ്ടും ഗവേഷകവിദ്യാര്‍ത്ഥിയുടെ ആത്മഹത്യ. രാജസ്ഥാന്‍ കേന്ദ്ര സര്‍വ്വകലാശാലയിലെ ഹോസ്റ്റലിലാണ് മോഹിത് ചൌഹാന്‍ എന്ന ഗവേഷക വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് 27 വയസ്സ് ആയിരുന്നു.
 
കോളജിലെ മുതിര്‍ന്ന അധ്യാപകന്റെ കീഴില്‍ ഗവേഷണം നടത്തി വരികയായിരുന്ന മോഹിത്. ഈ അധ്യാപകന്‍ മോഹിതിനെ മാനസികമായി പീഡിപ്പിച്ചെന്നും ഇതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മോഹിത് വിഷമത്തിലായിരുന്നെന്നും സുഹൃത്തുക്കള്‍ ആരോപിക്കുന്നു.
 
അതേസമയം, മോഹിതിന്റെ ആത്മഹത്യയെ തുടര്‍ന്ന് വൈസ് ചാന്‍സലറുമായി ചര്‍ച്ച നടത്താനും കോളജില്‍ പ്രതിഷേധപ്രകടനം നടത്താനും ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഇതിനിടെ ദളിത് വിദ്യാര്‍ത്ഥിയായ ഉമേഷ് കുമാറിനെ കഴിഞ്ഞദിവസം സര്‍വ്വകലാശാലയില്‍ നിന്ന് പുറത്താക്കിയിരുന്നു. വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നു എന്ന ആരോപണവുമായി സര്‍വ്വകലാശാലയ്ക്ക് എതിരെ പരാതി നല്‌കിയിരുന്നു.

വെബ്ദുനിയ വായിക്കുക