ജീവിതപങ്കാളിക്ക് ദീര്‍ഘകാലം ശാരീരികബന്ധം നിഷേധിക്കുന്നത് മാനസികമായ ക്രൂരതയെന്ന് അലഹബാദ് ഹൈക്കോടതി

വെള്ളി, 26 മെയ് 2023 (20:38 IST)
മതിയായ കാരണങ്ങളില്ലാതെ ജീവിതപങ്കാളിക്ക് ദീര്‍ഘകാല ശാരീരികബന്ധം നിഷേധിക്കുന്നത് മാനസികമായ ക്രൂരതയാണെന്ന് അലഹബാദ് ഹൈക്കോടതി. വാരണസി സ്വദേശിയുടെ വിവാഹമോചനക്കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. കുടുംബപരവും ദാമ്പത്യപരവുമായ ഉത്തരവാദിത്വങ്ങളെല്ലാം ഭാര്യ നിഷേധിച്ചത് പരാതിക്കാരനെ മാനസികപീഡനത്തിരയാക്കിയതായി കോടതി നിരീക്ഷിച്ചു. 2005ല്‍ വാരണസി കുടുംബക്കോടതി തള്ളിയ വിവാഹമോചന ഹര്‍ജിക്കെതിരെയാണ് ഹര്‍ജിക്കാരന്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.

വാരണസി സ്വദേശി രവീന്ദ്ര പ്രതാപ് യാദവ് ആണ് ഭാര്യ ആശാദേവിയില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടത്. 1979ലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം സ്വന്തം മാതാപിതാക്കളുടെ അടുത്തേക്ക് പോയ ഭാര്യ പിന്നെ തിരികെ വന്നില്ല. ഇതേ തുടര്‍ന്ന് 1994ല്‍ നാട്ടുപഞ്ചായത്ത് ഇരുവരുടെയും പരസ്പര സമ്മതത്തോടെ വിവാഹമോചനം അനുവദിച്ചതിന് ജീവനാംശമായി 22,00 രൂപ നല്‍കിയതായി പരാതിക്കാരന്‍ പറയുന്നു. തുടര്‍ന്ന് 2005ല്‍ വിവാഹമോചനം ആവശ്യപ്പെട്ട് പരാതിക്കാരന്‍ വാരണസി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഭാര്യ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി ഹര്‍ജി തള്ളുകയായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍