രാജ്യസഭയില്‍ ഇന്ന് രോഹിത് വെമുലയുടെ ആത്മഹത്യയും ജെ എന്‍ യു വിഷയവും ചര്‍ച്ച ചെയ്യും; പ്രതിപക്ഷത്തെ കടന്നാക്രമിക്കണമെന്ന് അംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം

ബുധന്‍, 24 ഫെബ്രുവരി 2016 (09:28 IST)
രാജ്യത്ത് വിവാദമായ ജെ എന്‍ യു വിഷയത്തിലും ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ സംബന്ധിച്ച വിഷയങ്ങള്‍ രാജ്യസഭ ഇന്ന് ചര്‍ച്ച ചെയ്യും. പ്രതിപക്ഷ അംഗങ്ങളും ബി ജെപി അംഗങ്ങളും സമര്‍പ്പിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച.
 
അതേസമയം, ജെ എന്‍ യു വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിക്കണമെന്ന് ബി ജെ പി എം പിമാര്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‌കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  രാജ്യസഭയില്‍ 31 അംഗങ്ങള്‍ ആയിരുന്നു നോട്ടീസ് നല്കിയത്. 
 
പ്രതിപക്ഷ എം പിമാരായ ഗുലാം നബി ആസാദ്, സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങിയവര്‍ക്കു പുറമേ ഭരണപക്ഷത്തു നിന്ന് എം ജെ അക്‌ബര്‍ അടക്കമുള്ളവരും നോട്ടീസ് നല്കിയിരുന്നു. ജെ എന്‍ യു വിഷയത്തില്‍ സഭ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാന്‍ ബി ജെ പിയുടെ മുതിര്‍ന്ന അംഗങ്ങള്‍ കഴിഞ്ഞദിവസം യോഗം ചേര്‍ന്നിരുന്നു.

വെബ്ദുനിയ വായിക്കുക