രാജിവ് ഗാന്ധി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സൈന്യം ശ്രമിച്ചിരുന്നെന്ന് മുന്‍ സൈനിക മേധാവി

ഞായര്‍, 4 ഒക്‌ടോബര്‍ 2015 (12:05 IST)
രാജിവ് ഗാന്ധി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സൈന്യം ശ്രമിച്ചിരുന്നെന്ന് മുന്‍ സൈനിക മേധാവിയുടെ വെളിപ്പെടുത്തല്‍. ലഫ്‌. ജനറല്‍ പി എന്‍ ഹൂണ്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 1987ലെ രാജിവ് ഗാന്ധി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സൈന്യം ശ്രമിച്ചിരുന്നെന്നാണ് വെളിപ്പെടുത്തല്‍.
 
വെസ്റ്റേണ്‍ കമാന്‍ഡും ഒമ്പതും പത്തും പാരാ കമാന്‍ഡോ ബറ്റാലിയനുകളും ഡല്‍ഹിയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമം നടത്തി. രാജീവ് സര്‍ക്കാരിനെതിരായ നീക്കങ്ങള്‍ക്ക് സേനാ മേധാവി ജനറല്‍ കൃഷ്ണസ്വാമി സുന്ദര്‍ജി, ലഫ്. ജനറല്‍ എസ് എഫ് റോഡ്രിഗസ്, ആര്‍മി വൈസ് ചീഫ് എന്നിവരാണ് നേതൃത്വം നല്‍കിയത്. ‘ഇതുവരെ പറയാത്ത രഹസ്യങ്ങള്‍’ എന്ന പുസ്തകത്തിലാണ് പി എന്‍ ഹൂണിന്റെ വിവാദ വെളിപ്പെടുത്തല്‍. 
 
ചില മുതിര്‍ന്ന രാഷ്‌ട്രീയ നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു അട്ടിമറിശ്രമമെന്നും പറയുന്നു. രാജിവ് ഗാന്ധിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ചില നേതാക്കള്‍ തന്നെയായിരുന്നു ഇതിനു പിന്നില്‍. ഈ നീക്കത്തെക്കുറിച്ച് താന്‍ ഉടനെ രാജിവ് ഗാന്ധിയെയും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഗോപി അറോറയെയും അറിയിച്ചെന്നും സൈനികനീക്കം രാജ്യത്തിനും രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥയ്ക്കും എത്രമാത്രം അപകടകരമാണെന്നും രാജീവിനെ ധരിപ്പിച്ചെന്നും ഹൂണ്‍ പുസ്തകത്തില്‍ വ്യക്തമാക്കുന്നു.
 
തന്റെ അനുമതി കൂടാതെ കമാന്‍ഡോകളെ വിട്ടുകൊടുക്കരുതെന്ന് പശ്ചിമ കമാന്‍ഡിന്റെ കീഴിലുള്ള ഡല്‍ഹി ഏരിയ കമാന്‍ഡിനോട് ആവശ്യപ്പെടുകയും ചെയ്തെന്നും ഹൂണ്‍ പുസ്തകത്തില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക