സ്റ്റൈല്‍ മന്നനെ കൂട്ട് പിടിച്ച് തമിഴ്മണ്ണ് പിടിക്കാന്‍ ബിജെപി

തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (10:35 IST)
തമിഴ്നാട്ടില്‍ ഉടലെടുത്തിരിക്കുന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ തമിഴ്നാടിന്റെ മണ്ണില്‍ കാവിക്കൊടി പാറിക്കാന്‍ ബിജെപി തയ്യാറെടുക്കുന്നു. തമിഴ്നാട്ടിലെ സാധാരണക്കാരുടെ ഇടയില്‍ ഗണ്യമായ സ്വാധീനമുള്ള സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനേ കൂടെക്കൂട്ടാനാണ് ബിജെപി കരുക്കള്‍ നീക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയ കരുനീക്കാങ്ങളുടെ സൂചന നല്‍കിക്കൊണ്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സുന്ദരരാജന്‍ കഴിഞ്ഞയാഴ്ച്ച രജനികാന്തിന്റെ വീട്ടിലെത്തിയിരുന്നു.

തിയ സിനിമയുടെ സെറ്റിലായിരുന്നതിനാല്‍ രജനിയുടെ ഭാര്യ ലതയുമായി കൂടിക്കാഴ്ച നടത്തിയിട്ടാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് മടങ്ങിയത്. താരത്തേ പാര്‍ട്ടിയോട് കൂടുതല്‍ അടുപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറിച്ചുള്ള പുസ്തകത്തിന്റെ തമിഴ് പതിപ്പിന്റെ പ്രകാശനം രജനികാന്തിനെകൊണ്ട് ചെയ്യിക്കാനും ശ്രമമുണ്ട്.

തമിഴ്നാട്ടില്‍ നിലവില്‍ ഭരണകക്ഷിയും പ്രതിപക്ഷവും സമ്മര്‍ദ്ദത്തിലാണ്. ജയലളിത ജയിലിലായതിനെ തുടര്‍ന്ന് നേതൃത്വപരമായ അസന്തുലിതാവസ്ഥ നേരിടുന്ന എഐഎഡിഎംകെയും ജനരോഷം പ്രതികൂലമാ‍യിരിക്കുന്ന ഡി‌എംകെയും ഒരേപോലെ ഇപ്പോള്‍ പ്രതിസ്ന്ധിയിലാണ്. ഈ സാഹചര്യം മുതലാക്കി കലങ്ങിമറിഞ്ഞിരിക്കുന്ന തമിഴ് രാഷ്ട്രീയത്തില്‍ നിന്ന് പ്രമാവധി നേട്ടമുണ്ടാക്കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്.

തമിഴ്‌നാട്ടില്‍ സാധാരണക്കാര്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തിയെന്ന നിലയിലാണ് രജനിയെ കൂടെക്കൂട്ടാന്‍ ബിജെപി ശ്രമിക്കുന്നത്. നേരത്തെ ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ ചെന്നൈയിലെത്തിയ നരേന്ദ്ര മോദി സൂപ്പര്‍താരത്തെ കണ്ട് പിന്തുണ അഭ്യര്‍ഥിച്ചിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക