നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ കേരളത്തിനു നിരാശ. കേരളത്തെക്കുറിച്ചു ബജറ്റില്‍ കാര്യമായ പ്രഖ്യാപനമില്ല. കാഞ്ഞങ്ങാട് - പാണത്തൂര്‍ പുതിയ പാതയും ബൈന്ദൂര്‍ - കാസര്‍കോഡ് പാസഞ്ചര്‍ ട്രെയിനു മാത്രമേ ബജറ്റ് പ്രസംഗത്തിലുള്ളൂ. എന്നാല്‍ ബജറ്റിന്റെ പൂര്‍ണ രൂപം ലഭിക്കുന്ന മുറയ്ക്കു കൂടുതല്‍ വിവരങ്ങള്‍ അറിയാനാകും.
കേരളത്തേ അവഗണിച്ചു എങ്കിലും മഹാരാഷ്ട്ര,കര്‍ണ്ണാടക, ഉത്തര്‍പ്രദേശ്,ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് ബജറ്റില്‍ വാരിക്കോരി കൊടുത്തിരിക്കുന്നത്. ബംഗളൂരു നഗരത്തെയും ചുറ്റുമുള്ള നഗരങ്ങളെയും ബന്ധപ്പെടുത്തി ട്രെയിന്‍ നെറ്റ്‌വര്‍ക്ക് വിപുലീകരിക്കുമെന്ന് പ്രഖ്യാപനമുണ്ട്. എന്നാല്‍ സമാനമായ കേരളത്തിന്റെ സബര്‍ബന്‍ സര്‍വ്വീസ് പദ്ധതിയ്ക്ക് ചുവപ്പുകൊടിയാണ് ബജറ്റിലുള്ളത്
കനത്ത ബഹളത്തിനിടെയായിരുന്നു ബജറ്റവതരണം നടന്നത്. ആറു പുതിയ പ്രീമിയം ട്രെയിനുകള്‍ പ്രഖ്യാപിച്ചു. ആറ് എസി ട്രെയിനുകള്‍, 27എക്സ്പ്രസ് ട്രെയിനുകള്‍, എട്ടു പാസഞ്ചര്‍, രണ്ടു മെമു, അഞ്ച് എമു എന്നിവയാണ് പുതിയ പ്രഖ്യാപനങ്ങള്‍.
ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ചുവടെ തെരഞ്ഞെടുപ്പു വാഗ്ദാനമായ ഹൈ സ്പീഡ് റയില്‍ നെറ്റ്‌വര്‍ക്കിനു നടപടി ആരംഭിക്കും,ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ ചരക്കു കൈമാറ്റ സംവിധാനമാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിക്കുന്നു.
പ്രതിദിനം 23 മില്യണ്‍ യാത്രക്കാരെ ഇന്ത്യന്‍ റയില്‍വേ വഹിക്കുന്നു. ഒരു ദിവസം രാജ്യത്ത് ഓടുന്ന ട്രെയിനുകളില്‍ യാത്ര ചെയ്യുന്നത് 100 ലക്ഷത്തോളം യാത്രക്കാരാണെന്നും അതിനാല്‍ റെയില്‍വേയില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കു പരമ പ്രധാനം നല്‍കും. ആധുനിക സൗകര്യങ്ങളടക്കം യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും പ്രതിജ്ഞാബദ്ധമാണെന്നും കന്നി ബജറ്റവതരണത്തില്‍ സദാന്ദ ഗൌഡ പറഞ്ഞു.
റയില്‍ നിരക്കു വര്‍ദ്ധിപ്പിച്ചതിനെ മന്ത്രി ബജറ്റില്‍ ന്യായീകരിച്ചു. നിരക്കു വര്‍ധന ബുദ്ധിമുട്ടുണ്ടാക്കുന്നെങ്കിലും ഒഴിവാക്കാനാവാത്ത സാഹചര്യമായിരുന്നു. ഇത് റയില്‍വേയ്ക്ക് 8000 കോടി രൂപ അധികമായി നല്‍കുന്നു എന്നും ആദ്യം കൈക്കുമെങ്കിലും പിന്നീട് മധുരിക്കുമെന്ന്മും മന്ത്രി അറിയിച്ചു.
റയില്‍വേ ഏറ്റെടുത്ത പദ്ധതികള്‍ അനന്തമായി വൈകുന്നതു പ്രശ്നമാകുന്നു എന്ന് ബജറ്റില്‍ പരാമര്‍ശമുണ്ട്. ഇത് പദ്ധതി ചെലവ് വര്‍ദ്ധിക്കുന്നതിനു കാരണമാകുന്നു. 30 വര്‍ഷം പഴക്കമുള്ള നാലു പദ്ധതികള്‍ ഇപ്പോഴും റയില്‍വേയിലുണ്ടെന്ന് മന്ത്രിന്‍ അറിയിച്ചു.
റെയില്‍വേയുടെ വികസനത്തനായി വിദേശ നിക്ഷേപം അടക്കമുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുന്നു. ഓപ്പറേഷന്‍ ഒഴികെയുള്ള മേഖലകളിലാകും വിദേശ നിക്ഷേപത്തിനു സാധ്യത തേടുന്നത്. ഇതിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി തേടും. വിദേശ നിക്ഷേപമില്ലാതെ റയില്‍വേയുടെ വികസനം സാധ്യമല്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.
റയില്‍വേയ്ക്കു വരുമാനമായി ലഭിക്കുന്ന ഓരോ രൂപയിലും 94 രൂപ ചെലവഴിക്കേണ്ടി വരുന്നുതായും യാത്രക്കൂലി ഇനത്തില്‍ റെയില്‍വേയ്ക്കു പ്രതീക്ഷിച്ചതിനേക്കാള്‍ 968 കോടി രൂപയുടെ കുറവുണ്ടായതായും ബജറ്റിലുണ്ട്.
റെയില്‍വേയില്‍ യാത്രക്കൂലി നിശ്ചയിക്കുന്നതിനു പുതിയ താരിഫ് പോളിസി നടപ്പാക്കല്‍, ബിസിനസ് ക്ലാസ് ആളുകളെ ഉദ്ദേശിച്ചു തെരഞ്ഞെടുത്ത ട്രെയിനുകളില്‍ വര്‍ക്ക് സ്റ്റേഷനുകള്‍ ആരംഭിക്കല്‍ (ഇതിന്റെ പൈലറ്റ് പദ്ധതി ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കു), റെയില്‍വേ സ്റ്റേഷനുകളിലെത്തുന്ന വികലാംഗര്‍ക്കായി പ്രധാന സ്റ്റേഷനുകളില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ വിന്യസിക്കുമെന്ന തീരുമാനം എന്നിവ ശ്രദ്ദേയങ്ങളാണ്.
റെയില്‍വേ സ്റ്റേഷനുകളുടെ ശുചീകരണത്തിനു പുറംജോലി കരാര്‍ നല്‍കും. 50 സ്റ്റേഷനുകളില്‍ ഇതു നടപ്പാക്കും. ശുചീകരണത്തിനുള്ള വിഹിതം 40 ശതമാനം വര്‍ധിപ്പിക്കാനും തീരുമാനമായി. കൂടാതെ റയില്‍വേ ടൂറിസം വികസനത്തിനു ശ്രദ്ധവയ്ക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്. ഇതിനായി കൂടൂതല്‍ ട്രയിനുകള്‍ ആരംഭിക്കും. ഈ മേഖലയില്‍ സ്വകാര്യ പങ്കാളിത്തത്തിനു ശ്രമിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്.
റെയില്‍വേ ടിക്കറ്റ് ബുക്കിങ് സംവിധാനം നവീകരിച്ച് ഇ-ടിക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുമെന്ന പ്രഖ്യാപനം കൂടുതലും പുതുതലമുറയെ ഉദ്ദേശിച്ചാണ്. പോസ്റ്റ്ഓഫിസുകള്‍ വഴിയും മൊബൈല്‍ഫോമുകള്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. പ്ലാറ്റ്ഫോം, അണ്‍ റിസര്‍വ്ഡ് ടിക്കറ്റുകള്‍ ഇന്റര്‍നെറ്റ് വഴി ലഭ്യമാക്കാനും തീരുമാനമുണ്ട്. ഇത് നടപ്പായാല്‍ ടിക്കറ്റ് റിസര്‍വേഷന്‍ പ്രശ്നങ്ങള്‍ ഏറെക്കുറെ പരിഹരിക്കപ്പെടും.
പുതിയ പാതകളുടെ നിര്‍മാണത്തിനു സര്‍വെയടക്കമുള്ള നടപടികള്‍ക്കുമായി 40,000 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം നീക്കിവയ്ക്കും. ജയ്പുര്‍ - കോട്ട പാത ഇരട്ടിപ്പിക്കല്‍,ചന്ദ്ന - ഫോര്‍ട്ട് - നാഗ്ഭിര്‍ പാത ഇരട്ടിപ്പിക്കല്‍
മംഗലാപുരം - ഉല്ലാല്‍ - സൂരത്കല്‍ പാത ഇരട്ടിപ്പിക്കല്‍,റെവാരി - മഹേന്ദര്‍ഗഡ് പാത ഇരട്ടിപ്പിക്കല്‍,ബുസവാള്‍ - ബദ്നേര - വര്‍ധ മൂന്നാം പാത,കസറ - ലാട്പുരി നാലാം ലൈന്‍,കര്‍ജാത് - ലോണവാല നാലാം ലൈന്‍,ഇടാര്‍സി - ബുസ്വാള്‍ മൂന്നാം പാത,അഹമ്മദാബാദ് മുതല്‍ മഹേശന വരെ ഗേജ് മാറ്റം,പിലിഫിത്ത് മുതല്‍ ഷാജഹാന്‍പുര്‍ വരെ ഗേജ് മാറ്റം തുടങ്ങിയവയ്ക്കാണ് ഇത് ഉപയോഗിക്കുക.
സുരക്ഷക്കായി ഏറെ മുന്‍തൂക്കം നല്‍കുമെന്ന് ബജറ്റിനു മുമ്പ് മന്റ്ര്ഹി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി പാളത്തിലുണ്ടാകുന്ന വിള്ളലുകള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും അള്‍ട്രാ സോണിക് സംവിധാനം. പൈലറ്റ് പദ്ധതി ഈ വര്‍ഷം നടപ്പിലാക്കും. കൂടാതെ യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി റെയില്‍വേയുടെ 70,000 പുതിയ ആര്‍പിഎഫ് ഉദ്യോഗസ്ഥരെ നിയമിക്കും.
വനിതാ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി വനിതകള്‍ക്കായുള്ള കോച്ചുകളിലേക്ക് 4,000 വനിതാ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍മാരെ നിയമിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. അപകടം കുറയ്ക്കുന്നതിന്റെ ഭാഗമായി ട്രെയിനുകളില്‍ ഓട്ടോമാറ്റിക് ഡോറുകള്‍ ഘടിപ്പിക്കും. ട്രെയിന്‍ നീങ്ങിത്തുടങ്ങുമ്പോഴെ സ്വയം അടയുന്നവയായിരിക്കും ഈ ഡോറുകള്‍.
ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പ്രഖ്യാപനവും മന്ത്രി നടത്തി. മുംബൈ - അഹമ്മദാബാദ് പാതയിലാകും ആദ്യ ബുള്ളറ്റ് ട്രെയിന്‍ എത്തുക. കൂടാതെ രാജ്യത്തെ പ്രധാന മെട്രോ റെയില്‍വേ സ്റ്റേഷനുകള്‍ ഹൈ സ്പീഡ് റെയില്‍ നെറ്റ്‌വര്‍ക്കിന്റെ ഭാഗമാക്കും. 100 കോടി രൂപ ഇതിനായി നീക്കിവയ്ച്ചിരിക്കുന്നു. ദില്ലി - ആഗ്ര, ദില്ലി - ഛണ്ഡിഗഡ്, ദില്ലി - കാണ്‍പൂര്‍, കാണ്‍പൂര്‍ - നാഗ്പൂര്‍, മൈസൂര്‍ - ബംഗളൂരു - ചെന്നൈ, ഗോവ - മുംബൈ, ചെന്നൈ - ഹൈദരാബാദ്, നാഗ്പുര്‍ - സെക്കന്തരാബാദ്, മുംബൈ - അഹമ്മദാബാദ് പാതകള്‍ ഹൈ സ്പീഡ് റെയിലിനായി കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്തെ എ1, എ നിലവാരത്തിലുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ ഏര്‍പ്പെടുത്തും. ക്ഷീര വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനു പാലിന്റെയും പാല്‍ ഉത്പന്നങ്ങളുടേയും കൈമാറ്റത്തിനു പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തും. വടക്കു കിഴക്കന്‍ റെയില്‍വേയുടെ വികസനത്തിനായി 5100 കോടി നീക്കിവയ്ക്കും. തുടങ്ങിയ പൊടിക്കൈയ്യുകളും മന്ത്രി കന്നി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.