പ്രധാനമന്ത്രിയുടെ പരിഹാസ പ്രസംഗത്തിന് മറുപടിയുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. തന്നെ അദ്ദേഹത്തിനു പരിഹസിക്കാം. എന്നാല്‍ അഴിമതി നടത്തിയോ ഇല്ലയോ എന്ന് പ്രധാനമന്ത്രി മറുപടി പറയണമെന്നും അധികാരത്തിലെത്തിയ ശേഷം മോദി എത്ര കള്ളപണക്കാരെ അറസ്റ്റ് ചെയ്തുവെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലളിത് മോഡി, വിജയ് മല്യ എന്നിവരുള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്തുകയാണ് യഥാര്‍ത്ഥത്തില്‍ മോദി ചെയ്തത്. രാജ്യത്ത് കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ അതിനെതിരായി പ്രതികരിക്കാതിരുന്ന വ്യക്തിയാണ് മോദിയെന്നും പണത്തിനായി വരിനില്‍ക്കുന്നത് പാവങ്ങള്‍ മാത്രമാണ്. ധനികരാരും വരിനില്ക്കുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
മോദി അഴിമതി നടത്തിയതിന്റെ സകല തെളിവുകളും തന്റെ പക്കല്‍ ഉണ്ടെന്നും അത് വെളിപ്പെടുത്തിയാൽ രാജ്യത്ത് ഭൂകമ്പമുണ്ടാകുമെന്നും രാഹുൽ ഗാന്ധി പ്രസ്താവിച്ചിരുന്നു. "അദ്ദേഹം സംസാരിച്ചിട്ടില്ലായിരുന്നെങ്കിൽ ഒരു ഭൂകമ്പം ഉണ്ടായേനെ. എതായാലും സംസാരിച്ച് തുടങ്ങിയത് വളരെ നന്നായി. ഇനി ഒരു ഭൂകമ്പത്തിനുള്ള സാധ്യതയില്ല" എന്നായിരുന്നു ഇതേക്കുറിച്ച് മോദിയുടെ പരാമർശം.